എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ യുവതിയെ പല തവണ ബലാത്സംഗം ചെയ്തു; വധിക്കാനും ശ്രമിച്ചു; കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്; രണ്ട് സുഹൃത്തുക്കളും പ്രതികള്‍
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം നല്‍കി തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച്. ബലാത്സംഗം കൂടാതെ വധശ്രമവും എംംഎല്‍എയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. പരാതിക്കാരിയായ യുവതിയെ പലവട്ടം വിവിധ ഇടങ്ങളില്‍ ബലാത്സംഗം ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. 2022 ജൂലൈ നാലിന് അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. പിന്നീട് തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും എത്തിച്ച് ബലാത്സംഗം ചെയ്തു.
യുവതിക്ക് എംഎല്‍എയുമായി അഞ്ച് വര്‍ഷത്തെ അടുപ്പമുണ്ടെന്നും പറഞ്ഞിട്ടുണ്ട്. ബലാത്സംഗത്തെക്കുറിച്ച് പരാതി നല്‍കുമെന്ന് അറിയിച്ചപ്പോള്‍ കാറില്‍ ബലമായി കയറ്റി കോവളത്ത് എത്തിച്ച് പാറക്കെട്ടില്‍ നിന്ന് തളളിയിട്ട് കൊല്ലാന്‍ ശ്രമിച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വധശ്രമം ചുമത്തിയിരിക്കുന്നത്.
2023 സെപ്റ്റംബര്‍ 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട സ്വദേശിനിയായ യുവതി പരാതി നല്‍കിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതി കോവളം പൊലീസിന് കൈമാറിയെങ്കിലും എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് പരാതിയുണ്ടായിരുന്നു. വിവാദമായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയതും എംഎല്‍എയെ അറസറ്റ് ചെയ്തതും. കേസില്‍ നിലവില്‍ എല്‍ദോസ് ജാമ്യത്തിലാണ്. എല്‍ദോസിനെ കൂടാതെ സുഹൃത്തുക്കളായ റനീഷ, സിപ്പി നൂറുദ്ദീന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here