ഐഎസ്ആർഒ പരീക്ഷാത്തട്ടിപ്പ്; അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കാൻ ക്രൈം ബ്രാഞ്ച്

ഐഎസ്ആർഒ (വിഎസ്എസ്‌സി) പരീക്ഷാ തട്ടിപ്പ് കേസ് അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കാൻ ക്രൈം ബ്രാഞ്ച്. തട്ടിപ്പിന് പിന്നിൽ വൻ സംഘമാണെന്ന് തിരിച്ചറിഞ്ഞ പോലീസ്, തട്ടിപ്പിന്റെ തലവൻ ഹരിയാനയിൽ കോച്ചിംഗ് സെന്റർ നടത്തുന്നയാളാണെന്നും പരീക്ഷാ തട്ടിപ്പ് നടത്താൻ ആൾമാറാട്ടത്തിന് വൻതുകയാണ് നൽകിയിരുന്നതെന്നുമാണ് സംശയിക്കുന്നത്.

വിമാനത്തിലെത്തി പരീക്ഷയെഴുതി മടങ്ങാനായിരുന്നു സംഘത്തിന്റെ നീക്കം. മുഖ്യപ്രതി ഹരിയാനയിൽ കോച്ചിംഗ് സെന്റർ നടത്തുന്നയാളാണ്. പിടിയിലായവരുടെ യഥാർത്ഥ വിലാസം കണ്ടെത്താൻ കേരള പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഹരിയാന പോലീസുമായി സഹകരിച്ച് പ്രവർത്തിക്കും.

ബ്ലൂടൂത്ത് ഇയർ സെറ്റും മൊബൈൽഫോൺ ടീം വ്യൂവറും ഉപയോഗിച്ചാണ് ഹരിയാന സ്വദേശികൾ കേരളത്തിലെത്തി കോപ്പിയടി നടത്തിയത്. വയറ്റിൽ ഒരു ബെൽറ്റ് കെട്ടി അതിൽ മൊബൈൽ ഫോൺ ഘടിപ്പിച്ചു വച്ചു. ഈ മൊബൈലിന്റെ ക്യാമറ ഭാഗം ഷർട്ടിന്റെ ബട്ടൺ ഹോളിനോട് ചേർത്ത് ഒട്ടിച്ച് വച്ചു. ക്യാമറ ഓൺ ചെയ്ത് പരീക്ഷാ ഹാളിൽ കയറി. ഷർട്ടിൽ ക്യാമറ ഘടിപ്പിച്ച ഭാഗത്തേക്ക് ചോദ്യ പേപ്പർ നിവർത്തി പിടിച്ച് ടീം വ്യൂവർ വഴി ഈ ചോദ്യപ്പേപ്പറിന്റെ ദൃശ്യം അജ്ഞാത കേന്ദ്രത്തിലിരിക്കുന്ന കൂട്ടാളിക്ക് കാണിച്ച് കൊടുത്തു. ചെവിക്കകത്ത് വെച്ച കുഞ്ഞൻ ബ്ലൂട്ടൂത്ത് ഇയർഫോൺ വഴി അയാൾ പറഞ്ഞ് കൊടുക്കുന്ന ഉത്തരങ്ങൾക്ക് അനുസരിച്ച് പരീക്ഷയെഴുതി. ഈ രീതിയിലായിരുന്നു തട്ടിപ്പ്.

തിരുവനന്തപുരത്തെ പൊലീസിന് ഹരിയാനയിൽ നിന്നും ലഭിച്ച അജ്ഞാത ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിഎസ്എസ്സിയുടെ ടെക്‌നീക്ഷൻ തസ്തിയിലേക്കുള്ള പരീക്ഷയിൽ ഹരിയാന സ്വദേശികൾ കോപ്പിയടിക്കാൻ പദ്ധതി ഇട്ടിട്ടുണ്ടെന്നായിരുന്നു സന്ദേശം. പോലീസ് ഈ വിവരം പരീക്ഷ സെന്ററുകളെ അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടുപേർ പിടിക്കപ്പെടുകയുമായിരുന്നു. ഹരിയാന സ്വദേശികളായ സുമിത് കുമാർ സുനിൽ കുമാർ എന്നിവരാണ് പരീക്ഷാ തട്ടിപ്പിന് പിടിയിലായത്. പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തവർക്ക് വേണ്ടി ഇരുവരും പരീക്ഷ എഴുതുകയായിരുന്നു. സംഭവത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top