മാനവീയത്തിൽ അഞ്ച് ക്രിമിനൽ കേസുകൾ രണ്ട് മാസത്തിനിടെ; രണ്ടെണ്ണം സ്ത്രീകളുടെ പരാതിയിൽ; നടപടിയെടുക്കാൻ പേടിച്ച് പോലീസ്

സമ്പൂർണ നൈറ്റ് ലൈഫ് കേന്ദ്രമായി പ്രഖ്യാപിച്ച് തുറന്നുകൊടുത്ത തലസ്ഥാനത്തെ മാനവീയം വീഥിയിൽ അടിക്കടി സംഘർഷങ്ങളും കേസുകളും. അധികവും പുറത്ത് അറിഞ്ഞിട്ടില്ല. 200 മീറ്റർ നീളം മാത്രമുള്ള ഈ റോഡിൽ രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് അഞ്ച് ക്രിമിനൽ കേസുകൾ. മൂന്ന് അടിപിടി കേസുകൾക്ക് പുറമെ സ്ത്രീകളെ അപമാനിച്ചുവെന്ന പരാതിയിൽ രണ്ട് കേസുകളും മ്യൂസിയം പോലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും പോലീസിൽ പരാതിപ്പെടാൻ പലരും തയ്യാറാകാത്തതിനാൽ കൂടുതൽ കേസുകൾ ഉണ്ടായില്ല. റജിസ്റ്റർ ചെയ്ത കേസുകളിൽ ചിലതിലും നടപടി വേണ്ട എന്ന നിലപാടാണ് പരാതിക്കാർ തുടക്കത്തിൽ സ്വീകരിച്ചത്. വെള്ളിയാഴ്ച രാത്രിയുണ്ടായ അടിപിടിയിലും പരാതിക്കാർ ആരും ഉണ്ടായിരുന്നില്ല. പരുക്കേറ്റ് ആശുപത്രിയിലായിരുന്ന യുവാവിനെ കണ്ടെത്തി പരാതി വാങ്ങിയാണ് പോലീസ് കേസെടുത്തത്. ദൃശ്യങ്ങൾ സഹിതം വാർത്ത പുറത്തുവന്നതോടെ പോലീസ് ഇതിന് നിർബന്ധിതരായി എന്നതാണ് വാസ്തവം.

കാലങ്ങളായി നവീകരണത്തിലായിരുന്ന മാനവീയം വീഥി ഓണത്തിന് തൊട്ടുമുമ്പാണ് തുറന്നുകൊടുത്തത്. നിയന്ത്രണം ഏതുമില്ലാതെ രാത്രി മുഴുനീളം ആഘോഷിക്കാനൊരു കേന്ദ്രം എന്ന നിലയിലാണ് നഗരമധ്യത്തിലെ ഈ ചെറു റോഡിനെ നഗരസഭ ഉയർത്തിക്കാണിച്ചത്. തുറന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ചെടിച്ചട്ടി പൊട്ടിച്ചും, ചെടികൾ നശിപ്പിച്ചും സാമൂഹ്യവിരുദ്ധരുടെ നീക്കം ശ്രദ്ധയിൽപെട്ടിരുന്നു. എന്നാൽ പരാതിയൊന്നും ഉണ്ടായില്ല. എന്നാൽ പിന്നീടിങ്ങോട്ടാണ് സ്ത്രീകളുടെ പരാതികൾ അടക്കം പോലീസിന് മുന്നിലെത്തിയത്. യുവാക്കളെന്ന പരിഗണനയിൽ ജാമ്യം കിട്ടാവുന്ന വകുപ്പുകളിലാണ് കേസുകളെല്ലാം പോലീസ് എടുത്തിട്ടുള്ളത്.

രാത്രി പോലീസ് കാവലുണ്ടാകുമെന്നും ലൈറ്റുകളും നിരീക്ഷണ ക്യാമറകളും വച്ച് സുരക്ഷിതമാക്കുമെന്നും നേരത്തെ നഗരസഭ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ കുട്ടികൾ അടക്കം കുടുംബങ്ങൾ ധാരാളമായി മാനവീയത്തിലേക്ക് ഈ ദിവസങ്ങളിൽ എത്തിയിരുന്നു. ഇന്നലത്തെ സംഘർഷം നടക്കുമ്പോഴും ഇങ്ങനെ നിരവധി പേർ സമീപത്തെല്ലാം ഉണ്ടായിരുന്നു. തൊട്ടടുത്ത് തന്നെ പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും ഏറെനേരം അവരാരും സംഘർഷത്തിൽ ഇടപെട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഒരാളെ പലർ കൂടി അടിച്ച് വീഴ്ത്തുന്നതും റോഡിൽ വീണയാളെ മാറിമാറി ചവിട്ടുന്നതും ഇതേ സമയത്ത് തന്നെ ബാക്കിയുള്ളവർ ചുറ്റും കൂടി പാട്ടിനൊത്ത് ചുവടുവയ്ക്കുന്നതും കാണാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top