ഗുണ്ടകളെ പാര്‍ട്ടികള്‍ മാടിവിളിക്കുന്നു; അംഗത്വം നല്‍കി ബിജെപി, തിരുത്തിയെന്ന് അറിയിപ്പും

കോട്ടയം : സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് നുഴഞ്ഞു കയറാന്‍ ഗുണ്ടാപടകളുടെ ശ്രമം. കോട്ടയത്ത് കൊലക്കേസടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ബിജെപിയില്‍ അംഗത്വമെടുത്തു. പെരുമ്പാവൂരില്‍ കുപ്രസിദ്ധ ഗുണ്ടായായ അനസ് ഒരു സുപ്രഭാതത്തില്‍ രാഷ്ട്രീയക്കാരനായതു പോലുള്ള നീക്കങ്ങളാണ് പലരും നടത്തുന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പെരുമ്പാവൂര്‍ അനസ് എല്‍ജെപിയുടെ യുവജന വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറിയായി അവതരിക്കുകയായിരുന്നു. സ്ഥാനം ഏറ്റെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അനസിന് പൊലീസിനെ വെല്ലുവിളിച്ച് ഗുണ്ടകളടക്കം പങ്കെടുത്ത പടുകൂറ്റന്‍ റാലിയോടെയുള്ള സ്വീകരണമായിരുന്നു അനുയായികള്‍ ഒരുക്കിയത്. സംഭവം വിവാദമായെങ്കിലും അനസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവിടെ തന്നെ അവസാനിച്ചു. ഇത്തരത്തില്‍ ഉത്തരേന്ത്യന്‍ ശൈലിയില്‍ രാഷ്ട്രീയ പ്രവേശനത്തിന് ശ്രമിക്കുന്ന ഗുണ്ടകള്‍ ഇപ്പോള്‍ സജീവമാണ്.

ഇത്തവണ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയാണ് കൊലക്കേസടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയവര്‍ക്ക് അംഗത്വം കൊടുത്തിരിക്കുന്നത്. കോട്ടയം ആര്‍പ്പൂക്കരയിലാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അലോട്ടി ജെയ്‌സ്‌മോന് ബിജെപി അംഗത്വം നല്‍കിയത്. ജെയ്സ്മോനൊപ്പം സൂര്യദത്ത്,വിഷ്ണുദത്ത് എന്നീവര്‍ക്കും അംഗത്വം ലഭിച്ചിട്ടുണ്ട്. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബുവാണ് അംഗത്വം നല്‍കി ഷാളണിയിച്ച് ഇവരെ സ്വീകരിച്ചത്. കഞ്ചാവ് കടത്തടക്കം കേസുകളും ഈ മൂന്നു പേര്‍ക്കെതിരേയും നിലവിലുണ്ട്. കാപ്പ ചുമത്തുന്നതിനു വരെ പരിഗണിക്കപ്പെട്ടവരെയാണ് പാര്‍ട്ടി പതാക പിടിച്ച് ജനമധ്യത്തിലേക്ക് ഇറക്കാന്‍ ബിജെപി തിരഞ്ഞെടുത്തിരിക്കുന്നത്.

അംഗത്വ വിതരണം വിവാദമായതോടെ എല്ലാം മരവിപ്പിച്ച് ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി. പ്രാദേശിക ഘടകത്തിന്റെ വീഴ്ചയെന്ന് പറഞ്ഞ് തടിയൂരുമ്പോഴും അംഗത്വം നല്‍കുന്നവരെ സംബന്ധിച്ച് പ്രാഥമിക പരിശോധനയെങ്കിലും വേണ്ടെയെന്ന ചോദ്യത്തിന് മറിപടി പറയാന്‍ ആരും തയാറായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top