ശോഭ അല്ലെങ്കില്‍ സുരേന്ദ്രന്‍, വിട്ടു കൊടുക്കാതെ വീറോടെ പോരുതി ബിജെപി നേതാക്കള്‍; രണ്ടില്‍ ഒരാളുടെ തല ഉരുളാന്‍ സാധ്യത
ബിജെപിയില്‍ ഏറെ നാളായി നടക്കുന്ന തര്‍ക്കത്തിന്റെ പാരമ്യമാണ് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോല്‍വിയോടെ ഉണ്ടായിരിക്കുന്നത്. പാര്‍ട്ടിയെ എല്ലാ അര്‍ഥത്തിലും പിടിക്കാന്‍ നോക്കുന്ന കെ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് സുരേന്ദ്രനെ തള്ളിമാറ്റി ആ സ്ഥാനത്ത് ഇരിക്കാന്‍ ശ്രമിക്കുന്ന ശോഭ സുരേന്ദ്രനും തമ്മിലാണ് പ്രത്യക്ഷത്തില്‍ ബിജെപിയില്‍ പ്രശ്‌നങ്ങൾ. എന്നാല്‍ നേരിട്ട് ഏറ്റുമുട്ടലിന് ഇല്ലെങ്കിലും സുരേന്ദ്രനോട് ശോഭയുടേതിന് സമാനമായ വിരോധമുള്ള നിരവധി നേതാക്കളുണ്ട് കേരളത്തിലെ ബിജെപിയില്‍.
കൊടകര കുഴല്‍പണക്കേസ് മുതല്‍ ഇങ്ങോട്ട് സുരേന്ദ്രനെതിരെ ലഭ്യമായ എല്ലാ ആയുധങ്ങളും ഇക്കൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് സുരേന്ദ്രനെ ഇരുത്തിയ വി മുരളീധരന്റെ ദേശീയ നേതൃത്വത്തിലുള്ള സ്വാധീനം മൂലം ഇതൊന്നും ഏറ്റില്ല എന്ന് മാത്രം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി ജയിക്കുകയും സംസ്ഥാന വ്യാപകമായി വോട്ട് കൂടുകയും ചെയ്തതോടെ സുരേന്ദ്രന് നിര്‍ണ്ണായക സ്വാധീനമായി. ഇതോടെ എതിര്‍പ്പുളളവര്‍ നിശബ്ദരായി.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളോടെയാണ് വീണ്ടും എതിര്‍ സ്വരം ഉയര്‍ന്ന് തുടങ്ങിയത്. വിശ്വസ്തനായ സി കൃഷ്ണകുമാറിനായി സുരേന്ദ്രന്‍ അരയും തലയും മുറുക്കി ഇറങ്ങി. ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നും ആവശ്യമുണ്ടായി. ശോഭയും മത്സരിക്കണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ സുരേന്ദ്രന്‍ പിടിച്ചത് തന്നെ നടന്നു. കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായി. സുരേന്ദ്രന്‍ തന്നെ പാലക്കാട് ക്യാംപ് ചെയ്ത് പ്രചരണം നയിച്ചു. കോഴിക്കോട് നിന്നും സി രഘുനാഥിനെ പാലക്കാട് എത്തിച്ച് പ്രഭാരിയുടെ ചുമതല നല്‍കി ജില്ലയിലെ എതിര്‍ സ്വരം ഒതുക്കാനുള്ളത് സുരേന്ദ്രന്‍ നേരത്തെ തന്നെ ചെയ്തിരുന്നു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രചരണത്തിന് എത്താതെ വിട്ടുനിന്ന ശോഭയെ നിര്‍ബന്ധിച്ച് പാലക്കാട് എത്തിച്ചു. ഇതിനിടെ ബിജെപിയുമായും പ്രത്യേകിച്ച് സുരേന്ദ്രനുമായി ഉടക്കി സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തി. നിസാരനെന്ന് അവഗണിച്ച് മുന്നോട്ട് പോകനാണ് സുരേന്ദ്രന്‍ ശ്രമിച്ചത്.
എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ വമ്പന്‍ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. ശക്തി കേന്ദ്രങ്ങളെന്ന് വിശ്വസിച്ചിടത്ത് പോലും വോട്ടുകള്‍ ചോര്‍ന്നു. ഇതോടെയാണ് സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ വീണ്ടും കലാപം തുടങ്ങിയത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പല നേതാക്കളും പ്രതികരിച്ചത് തങ്ങള്‍ പ്രചരണത്തിന് പോയത് വയനാടും ചേലക്കരയിലും മാത്രമാണെന്നും പാലക്കാട്ടെ കാര്യം സുരേന്ദ്രനോട് ചോദിക്കണം എന്നുമാണ്. ഇത് ബിജെപിയിലെ വരാനിരിക്കുന്ന കോടുംങ്കാറ്റിന്റെ സൂചനകളായിരുന്നു.
ശോഭ സുരേന്ദ്രനെ മുന്‍നിര്‍ത്തി സുരേന്ദ്രനെതിരെ ഒരു പോരാട്ടമാണ് വിമതര്‍ ആസുത്രണം ചെയ്തിരുന്നത്. നാളത്തെ സംസ്ഥാന നേതൃയോഗത്തില്‍ ഇത് ഉയര്‍ത്തി വലിയ വിമര്‍ശനത്തിനും അതുവഴി സുരേന്ദ്രനെ പുറത്താക്കാനും ആയിരുന്നു ശ്രമം. എന്നാല്‍ ഇതെല്ലാം മുന്നില്‍ കണ്ടുള്ള നീക്കമാണ് സുരേന്ദ്രന്‍ നടത്തിയിരിക്കുന്നത്. തോല്‍വിക്ക് കാരണം ശോഭ സുരേന്ദ്രനും സംഘവുമാണെന്ന് പരാതി ഉന്നയിക്കുകയും പാലക്കാട്ടെ 18 കൗണ്‍സിലര്‍മാരെ പ്രതി സ്ഥാനത്ത് നിര്‍ത്തിയുമുള്ള നീക്കമാണ് സുരേന്ദ്രന്‍ നടത്തുന്നത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാമെന്ന് അറിയിച്ച് ഒരു രക്തസാക്ഷി ഇമേജിനും സുരേന്ദ്രന്‍ നീക്കം നടത്തി. ഇത് ഇപ്പോള്‍ ഏറ്റ ലക്ഷണമാണ് കാണുന്നത്. രാജി വേണ്ടെന്ന് ദേശീയ നേതൃത്വം അറിയിച്ച് കഴിഞ്ഞു. ഇനി ശോഭ സുരേന്ദ്രനെതിരായ പരാതിയില്‍ എന്ത് നടപടി എന്നാണ് ഇനി അറിയേണ്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here