കളളപ്പണത്തില്‍ കുരുക്കാനിറങ്ങി, സ്വയം കുടുങ്ങി സിപിഎം; പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷം; ജില്ലാ സെക്രട്ടറി എയറില്‍

പാലക്കാട് ഉതിരഞ്ഞെടുപ്പ് ഓരോ ദിവസവും സിപിഎമ്മിന് കൂടുതല്‍ വെല്ലുവിളിയായി കൊണ്ടിരിക്കുകയാണ്. നിലവില്‍ മൂന്നാം സ്ഥാനത്തുളള മണ്ഡലത്തില്‍ ജയത്തിനായി അരയും തലയും മുറുക്കിയാണ് സിപിഎം ഇറങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങി ഇറങ്ങിയ പി സരിനെ സ്ഥാനാര്‍ഥിയാക്കി പരമാവധി വോട്ട് മറിക്കുക എന്നത് ലക്ഷ്യമിട്ടാണ് സിപിഎം തുടങ്ങിയത്. കടുത്ത ആവേശത്തിലുളള നീക്കങ്ങളാണ് പിന്നീടുള്ള ദിവസങ്ങളിലെല്ലാം കണ്ടത്.

എന്നാല്‍ ഈ ആവശം തന്നെ ഇപ്പോള്‍ സിപിഎമ്മിന് തലവേദനയായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയിലടക്കം നടത്തിയ കള്ളപ്പണ റെയ്ഡില്‍ ഇപ്പോള്‍ സിപഎമ്മിനുള്ളില്‍ തന്നെ പ്രശ്‌നങ്ങളായിരിക്കുകയാണ്. സിപിഎം സംസ്ഥാന സമിതിയംഗം എന്‍എന്‍ കൃഷ്ണദാസാണ് ഈ വിഷയത്തില്‍ ആദ്യം എതിര്‍ സ്വരം ഉന്നയിച്ചത്. എന്നാല്‍ ഇത് കൃഷ്ണദാസിന്റെ മാത്രം അഭിപ്രായമല്ല. പാര്‍ട്ടിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും സമാനമായ അഭിപ്രായമുണ്ട്.

ഇതോടെയാണ് പാലക്കാട് സിപിഎമ്മിലെ സംഘടനാ പ്രശ്‌നങ്ങളും വ്യക്തമാകുന്നത്. മന്ത്രി എംബി രാജേഷ്, ഭാര്യാ സഹോദരനായ നിധിന്‍ കണിച്ചേരി എന്നിവരാണ് ഈ രാഷ്ട്രീയ നാടകത്തിന് പിന്നിലെന്ന് ആദ്യം മുതല്‍ ഉയരുന്ന ആരോപണമാണ്. ജില്ലാ സെക്രട്ടറിയെ ഒപ്പം നിര്‍ത്തി മന്ത്രി രാജേഷും സംഘവും നടത്തുന്ന ഈ നീക്കങ്ങളിലെ എതിര്‍പ്പാണ് ഇന്ന് പൊട്ടിത്തഎറിയുടെ രൂപത്തില്‍ പുറത്തുവന്നത്.

രാവിലെ നീലപ്പെട്ടി വിവാദത്തെ പൂര്‍ണ്ണമായും തള്ളിയാണ് എന്‍എന്‍ കൃഷ്ണദാസ് സംസാരിച്ചത്. ഇതൊന്നുമല്ല ജനകീയ വിഷയങ്ങളാണ് ഉയര്‍ത്തേണ്ടതെന്നും പറഞ്ഞു. പിന്നാലെ മാധ്യമങ്ങളെ കണ്ട ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൃഷ്ണദാസ് പറഞ്ഞതല്ല പാര്‍ട്ടി നിലപാടെന്ന് തിരുത്തി. താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നും വ്യക്തമാക്കി. സിപിഎമ്മിലെ സംഘടനാ രീതിയില്‍ പ്രശ്‌നങ്ങള്‍ അവിടെ തീരേണ്ടതാണ്.

എന്നാല്‍ പാലക്കാട് സംഭവിച്ചത് പതിവില്ലാത്ത കാര്യമാണ്. വീണ്ടും മാധ്യമങ്ങളെ കണ്ട കൃഷ്ണദാസ് ജില്ലാ സെക്രട്ടറിയെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞു. ഇതോടെ വ്യക്തമായത് സിപിഎമ്മിലെ തര്‍ക്കമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളെ കണ്ടപ്പോഴും കൃഷ്ണദാസിനെ അനുകൂലിച്ചാണ് സംസാരിച്ചത്. പ്രചരണവിഷയം ഒരു പെട്ടിയില്‍ മാത്രം ഒതുക്കേണ്ട എന്നായിരുന്നു എംവി ഗോവിന്ദന്‍ പറഞ്ഞത്.

സമാനതകളില്ലാത്ത ഒരു സംഘടനാ പ്രശ്‌നത്തിലാണ് സിപിഎം ചെന്നുപെട്ടിരിക്കുന്നത്. ഇതിന്റെ അലയൊലികള്‍ തിരഞ്ഞെടുപ്പോടെ ഒതുങ്ങുന്നതല്ല. സിപിഎമ്മില്‍ ഇത് സമ്മേളനക്കാലമാണ്. അതുകൊണ്ട് തന്നെ ഈ വിഷയങ്ങളിലെ ചര്‍ച്ച പാലക്കാട്ടെ സമ്മേളനങ്ങളിലും തീപിടിപ്പിക്കും എന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top