സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതലാൾ കോൺഗ്രസിലേക്ക്? ബിജെപി ദേശീയ കൗൺസിലംഗം അടക്കം പാർട്ടി വിട്ടേക്കും; പാലക്കാട്ട് ഭരണം പോകും

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തോടെ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായ പാലക്കാട് നിന്നും വീണ്ടും ബിജെപിക്ക് തിരിച്ചടി. ദേശീയ കൗൺസിൽ അംഗം ശിവരാജൻ ഉൾപ്പെടെ ഒമ്പത് നഗരസഭാ കൗൺസിലർമാർ രാജി സന്നദ്ധത അറിയിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് പൊട്ടിത്തെറി.യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ജില്ലാ അധ്യക്ഷനാക്കാനുള്ള തീരുമാനത്തിന് എതിരെയാണ് പ്രതിഷേധം. നാളെ തന്നെ രാജിയുണ്ടാവുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയവരെ മാറ്റിനിർത്തി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാര്‍ ഏകപക്ഷീയമായി പ്രസിഡൻ്റിനെ തീരുമാനിച്ചെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി. കൗൺസിലർമാർ രാജിവച്ചാൽ നഗരസഭാ ഭരണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. വിമത വിഭാഗം പ്രത്യേകം യോഗം ചേർന്നതായാണ് വിവരം.

എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്ന് എൻ ശിവരാജൻ പറഞ്ഞു. സി കൃഷ്ണകുമാറിൻ്റെ ബിനാമിയായ പ്രശാന്ത് ശിവനെ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ചേർന്നത് വിമതയോഗമല്ലെന്നും ഔദ്യോഗിക യോഗമായിരുന്നുവെന്നും യോഗത്തിൽ പങ്കെടുത്ത നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരന്‍ പ്രതികരിച്ചു.

ഇതിനിടെ രാജിക്കൊരുങ്ങുന്ന മുതിർന്ന നേതാക്കളായ കൗൺസിലർമാർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കോൺഗ്രസ് പ്രവേശം സംബന്ധിച്ച് സന്ദീപ് വാര്യർ മുഖേനചർച്ചകൾ നടന്നതായിട്ടാണ് റിപ്പോർട്ടുകൾ. നിലവിൽ യാക്കരയിൽ ബിജെപി കൗൺസിലർമാരുടെ യോഗം നടക്കുകയാണെന്നും ഇതിന് ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിമത കേന്ദ്രങ്ങൾ നൽകുന്ന സൂചന.

സി കൃഷ്‌ണകുമാറിനെതിരെ രൂക്ഷ വിമർശനമാണ് വിമതപക്ഷം ഉന്നയിക്കുന്നത്. ഇടഞ്ഞ് നിൽക്കുന്ന ഒമ്പത് കൗൺസിലർമാരില്‍ ആറ് പേര്‍ വിമത യോഗത്തിൽ പങ്കെടുക്കുന്നതായിട്ടാണ് വിവരം. ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലക്കാട്. 52 അംഗ ഭരണസമിതിയില്‍ ബിജെപി 28, യുഡിഎഫ് 16, സിപിഎം ഏഴ്, വെല്‍ഫെയര്‍ പാര്‍ട്ടി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top