ഉന്നത വിദ്യാഭ്യാസ മേഖലയിൽ കുട്ടികളെ കിട്ടാതെ കേരളം; പ്രൊഫഷണൽ കോളേജുകളിൽ വൻ തോതിൽ സീറ്റ് ഒഴിവ്

തിരുവനന്തപുരം: പഠിക്കാൻ കുട്ടികളെ കിട്ടാതെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല. ഒരു കാലത്ത് വിദ്യാഭ്യാസ നിലവാരത്തിൽ ഊറ്റം കൊണ്ടിരുന്ന നാട്ടിലാണ് ഈ അവസ്ഥ. എഞ്ചിനീയറിംഗ്, ദന്തൽ തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകൾക്കും ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾക്കും വൻ തോതിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. സംസ്ഥാനത്തെ പഠന സാഹചര്യം മോശമാകുന്നതാണ് ഇതിന് പ്രധാനകാരണമായി ചൂണ്ടികാണിക്കുന്നത്.

പല കോഴ്‌സുകൾക്കും ആവശ്യത്തിലധികം സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. ഈ മാസം 30ന് എംബിബിഎസ്‌, ബിഡിഎസ് സീറ്റുകളിലെ പ്രവേശനം പൂർത്തിയാക്കണമെന്ന് മെഡിക്കൽ കമ്മിഷൻ നിർദേശിച്ചിരിക്കെ ബിഡിഎസ്സിന് 185 സീറ്റുകളാണ് സ്വകാര്യ കോളേജുകളിൽ ഒഴിഞ്ഞു കിടക്കുന്നത്. അതേസമയം എംബിബിഎസ്‌ സീറ്റുകളിൽ എല്ലാം പ്രവേശനം പൂർത്തിയായി. ദന്തൽ ഡോക്ടർമാർക്ക് തൊഴിൽ അവസരം കുറയുന്നു. സ്വന്തമായി ക്ലിനിക് തുടങ്ങാൻ ഭാരിച്ച ചെലവുമാണ്. കഴിഞ്ഞ വർഷവും സീറ്റുകൾ ഒഴിവുണ്ടായിരുന്നെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ആവശ്യത്തിലേറെ സീറ്റുകൾ പല സ്വകാര്യ കോളേജുകളിലും അനുവദിച്ചിട്ടുമുണ്ട്. അല്ലോട്മെന്റിൽ വരുന്ന പാകപിഴ കൊണ്ടാണ് പ്രവേശനം പൂർത്തിയാകാത്തതെന്നാണ് സ്വകാര്യ ദന്തൽകോളേജ് അസോസിയേഷൻ പ്രസിഡന്റ് കെ എം പരീത് പറയുന്നത്.

എഞ്ചിനീയറിംഗിന് ഈ പ്രതിസന്ധി വളരെ മുൻപേ പിടിപെട്ടതാണ്. പഠിക്കാൻ കുട്ടികളില്ലാതെ കോളേജുകൾ പലതും പൂട്ടിയ സ്ഥിതിയാണ്. എൻട്രൻസ് പരീക്ഷയിൽ ആദ്യ റാങ്കുകാരിൽ ഭൂരിഭാഗവും കേരളത്തിൽ പഠിക്കാൻ തയാറല്ല. നൂറു ശതമാനം പ്ലേസ്മെന്റ് ഉറപ്പുള്ള രാജ്യത്തെ മറ്റ് കോളേജുകളെ അപേക്ഷിച്ച് ഇവിടുത്തെ കോളേജുകളിൽ പഠിക്കുന്നവർക് തൊഴിൽ സാധ്യത വളരെ കുറവാണ്. ചില ബ്രാഞ്ചുകളിൽ ഒഴികെ മറ്റൊന്നിലും പഠിക്കാൻ കുട്ടികളില്ല എന്നിട്ടും സീറ്റുകൾ കുറയ്ക്കാൻ സർക്കാർ തയ്യാറായിട്ടില്ല. റാങ്കിങ്ങിൽ കേരളത്തിലെ വിരളിലെണ്ണാവുന്ന കോളേജുകൾ മാത്രമേ മെച്ചപ്പെട്ട നിലയിലുള്ളു. പഠന നിലവാരത്തിൽ വന്ന ഇടിവും, അധ്യാപകരുടെ കുറവും ഇതിനെ വലിയൊരു കാരണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ പറഞ്ഞു.

സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികൾ ഒഴികെ മറ്റെല്ലാവരും വിദേശ രാജ്യത്തേക്ക് പോകുകയാണ്. ഇങ്ങോട്ട് കുട്ടികളെ ആകർഷിക്കാൻ കേരളത്തിന് ഇപ്പോൾ സാധിക്കുന്നില്ല. കേരളത്തിലെ പാഠ്യ മേഖലയിലെ അമിതമായ രാഷ്ട്രീയവത്കരണമാണ് കുട്ടികൾ കുറയാൻ കാരണമെന്ന് പൊതുകാര്യ വിദഗ്ധൻ ജെ എസ് അടൂർ അഭിപ്രായപ്പെട്ടു. സ്ഥിരം അധ്യാപകർ മിക്ക കോളേജുകളിലും കുറവാണ് ഗസ്റ്റ് അധ്യാപകരാണ് അധികവും, ഇവരാകട്ടെ നല്ല അവസരങ്ങൾ കിട്ടുമ്പോൾ പോവുകയും ചെയ്യും. ഇത് നിലവാരത്തെ ബാധിക്കുന്നതോടൊപ്പം കുട്ടികളുടെ ക്രമാതീതമായ കൊഴിഞ്ഞുപോക്കിനും കാരണമാകും.

ആർട്സ് ആൻഡ് സയൻസ് കോളേജിലും സ്ഥിതി മറ്റൊന്നല്ല. മെഡിക്കൽ മേഖലയിലെ നോൺ ക്ലിനിക്കൽ വിഭാഗങ്ങളിൽ പോലും ആളില്ല.പലതിനും കട്ട് ഓഫ് പൂജ്യം ശതമായിട്ട് പോലും സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. എന്നാൽ അടുത്തിടെ യു എസ്, യു കെ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കാൻ ഇന്ത്യൻ ഡോക്ടർമാർക്ക് വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എഡ്യൂക്കേഷൻ അംഗീകാരം നൽകിയത് രാജ്യത്തിന് ആശ്വാസമായിരുന്നു. പല സ്ഥാപനങ്ങൾക്കും കേന്ദ്ര സർവകലാശാല പദവി ലഭിക്കാൻ വേണ്ട ശ്രമങ്ങൾ പോലും സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നില്ല. അധ്യാപക നിയമനം ഉൾപ്പെടെ കേന്ദ്രത്തിന്റെ കൈയിലാകുമെന്നതാണ് ഇതിനു പിന്നിൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top