മെസിയേയും നെയ്മറെയും ബഹുദൂരം പിന്നിലാക്കി ക്രിസ്‌റ്റ്യാനോ; പ്രതിഫലത്തിൽ താരത്തിൻ്റെ ഏഴയലത്ത് എത്താനാവാതെ മറ്റുള്ളവർ

ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കൂടുതൽ താരങ്ങളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്സ് മാഗസീൻ. പത്ത് താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. പതിവ് പോലെ പോർചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാൾഡോ തന്നെയാണ് ഒന്നാമത്. 285 മില്യൺ ഡോളറാണ് സൗദി ക്ലബായ അൽ നസ്റിനു വേണ്ടി കളിക്കുന്ന താരത്തിന്റെ ആകെ പ്രതിഫലം. കളിക്കളത്തിൽ നിന്ന് 220 മില്യൺ ഡോളറും കളത്തിന് പുറത്ത് നിന്ന് 65 മില്യണും ഉൾപെടെയാണിത്.

പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിയേക്കാൾ ഇരട്ടിയിലേറെ വരുമാനമാണ് ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്നത്. ഇന്റർ മയാമിക്ക് വേണ്ടി കളിക്കുന്ന മെസിയുടെ ആകെ പ്രതിഫലം 135 മില്യൺ ഡോളറാണ്. 60 മില്യൺ കളിക്കളത്തിൽ നിന്നും 75 മില്യൺ കളത്തിന് പുറത്തുനിന്നുമാണുള്ളത്. അമേരിക്കൻ മേജർ സോക്കർ ലീഗിലെ ഇന്റർ മയാമിലേക്ക് കൂടുമാറിയ മെസിയുടെ താരമൂല്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് പട്ടിക വ്യക്തമാക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും ലാലീഗയിലേയും താരങ്ങളെ പിന്തള്ളി പട്ടികയിൽ ഏറ്റവും തിളങ്ങി നിൽക്കുന്നത് സൗദി പ്രൊ ലീഗ് താരങ്ങളാണ്. സൗദി പ്രോ ലീഗിൽ നിന്നുള്ള നാല് പേരാണ് ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. അടിസ്ഥാന ശമ്പളവും ബോണസും അവകാശ കരാറുകളും ഉൾപ്പെടെ കളത്തിൽ നിന്നും പുറത്ത് നിന്നും ലഭിക്കുന്ന വരുമാനവും ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയറാണ് മൂന്നാം സ്ഥാനത്ത്. 110 മില്യൺ ഡോളറാണ് ആകെ പ്രതിഫലം. സൗദി പ്രൊ ലീഗ് വമ്പന്മാരായ അൽ ഹിലാലിലേക്ക് റെക്കോഡ് തുകക്ക് ചേക്കേറിയ 32 കാരനായ നെയ്മർ കളിക്കളത്തിൽ നിന്ന് 80 മില്യൺ ഡോളറും പുറത്ത് നിന്ന് 30 മില്യൺ ഡോളറും പ്രതിഫലമായി കൈപ്പറ്റുന്നു.

സൗദി അൽ ഇത്തിഹാദിന്റെ താരമായ ഫ്രാൻസിൻ്റെ സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമയാണ് പട്ടികയിൽ നാലാമത്. 104 മില്യൺ ഡോളറാണ് ബെൻസേമയുടെ ആകെ പ്രതിഫലം. കളത്തിൽ നിന്ന് 100 മില്യണും പുറത്ത് നിന്ന് നാല് മില്യൺ ഡോളറുമാണ് ബെൻസേമ വാങ്ങുന്നത്.ഫ്രഞ്ച് ക്ലബായ പിഎസ്ജിയിൽ നിന്നും സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് പട്ടികയിൽ അഞ്ചാമത്. 90 മില്യൺ ഡോളറാണ് താരം ആകെ പ്രതിഫലമായി കൈപ്പറ്റുന്നത്.


മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേജീനിയൻ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലൻഡാണ് പട്ടികയിൽ ആറാമത്. കളിക്കളത്തിൽ നിന്ന് 46 മില്യൺ ഡോളറും പുറത്ത് നിന്ന് 14 മില്യണും ഉൾപ്പെടെ 60 മില്യൺ ഡോളറാണ് ആകെ പ്രതിഫലം. ഈ വർഷത്തെ വരുമാന പട്ടികയിൽ ആദ്യമായി ഇടം നേടിയ 24 കാരനായ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറാണ് ഏഴാം സ്ഥാനത്ത്. റയൽ മാഡ്രിഡിനു വേണ്ടി കളിക്കുന്ന താരത്തിന്റെ ആകെ പ്രതിഫലം 55 മില്യൺ ഡോളറാണ്.

ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹാണ് പട്ടികയിൽ എട്ടാമൻ. 35 മില്യൺ ഡോളർ കളത്തിൽ നിന്നും 18 മില്യൺ പുറത്തു നിന്നും നേടുന്ന 32 കാരന്റെ ആകെ പ്രതിഫലം 53 മില്യൺ ഡോളറാണ്. സൗദി അൽ നസ്റിന്റെ സെനഗൽ താരം താരം സാദിയോ മാനേയാണ് പട്ടികയിൽ ഒമ്പാതാമത്. 52 മില്യൺ ഡോളറാണ് 32 കാരന്റെ ആകെ പ്രതിഫലം. കളത്തിൽ നിന്ന് 48 മില്യൺ ഡോളറും പുറത്ത് നിന്ന് നാല് മില്യൺ ഡോളറുമാണ് താരം കൈപ്പറ്റുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top