ക്രിസ്റ്റ്യാനോയുടെ പോക്കുകണ്ട് കണ്ണുതള്ളി യുട്യൂബ്; ഇനി അറിയാനുള്ളത് ഒരു കാര്യം മാത്രം

യൂട്യൂബിലും റെക്കോർഡിട്ട് പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ‘യുആർ ക്രിസ്റ്റ്യാനോ’ എന്ന ചാനൽ തുടങ്ങി മണിക്കൂറുകൾക്കകം താരത്തിന് ഗോൾഡന്‍ പ്ലേ ബട്ടൺ ലഭിച്ചു. ഒന്നര മണിക്കൂർ കൊണ്ടാണ് 10 ലക്ഷം സബ്സ്ക്രൈബേഴ്സ് എന്ന നേട്ടം താരം സ്വന്തമാക്കിയത്. ഇതിൻ്റെ സന്തോഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ ഡയമണ്ട് പ്ലേ ബട്ടണും ചാനലിനെ തേടിയെത്തി.

ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ചാനലിൽ 19 വിഡിയോകൾ ഇതിനകം പബ്ലിഷ് ചെയ്തിട്ടുണ്ട്. യൂട്യൂബ് ചാനലില്‍ ഫുട്‌ബാള്‍ മാത്രമല്ല, കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചിട്ടുണ്ട്. ഏറ്റവും വേഗത്തിൽ ഒരു കോടി (10 മില്യൺ) സബ്‌സ്‌ക്രൈബേഴ്സിനെ സ്വന്തമാക്കിയ മിസ്റ്റർ ബീസ്റ്റിൻ്റെ റെക്കോർഡും ക്രിസ്റ്റ്യാനോ മറികടന്നു. 10 മില്യണിലേക്ക് എത്താൻ 132 ദിവസമെടുത്ത മിസ്റ്റർ ബീസ്റ്റിൻ്റെ റെക്കോർഡ് വെറും പത്ത് മണിക്കൂർ കൊണ്ടാണ് താരം പഴങ്കഥയാക്കിയത്.

ചാനൽ ആരംഭിച്ച് 16 മണിക്കൂർ കഴിയുമ്പോൾ താരത്തെ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് 14 മില്യണിലധികം ആളുകളാണ്. ഇനി അറിയാനുള്ളത് യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന മിസ്റ്റർ ബീസ്റ്റിനെ മറികടക്കാൻ എത്രസമയം എടുക്കും എന്ന കാര്യം മാത്രമാണെന്നാണ് ആരാധകർ പറയുന്നത്. 311 മില്യൺ സബ്സ്ക്രൈബേഴ്സാണ് മിസ്റ്റർ ബീസ്റ്റിനുള്ളത്. രണ്ടാമതുള്ള ടി സീരീസിനെ 272 മില്യൺ ആളുകൾ പിന്തുടരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ പേരാണ് താരത്തെ പിന്തുടരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top