കേന്ദ്രം സാമ്പത്തികമായ അസമത്വമുണ്ടാക്കുന്നു; സുപ്രീം കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതമാക്കി; വിമര്‍ശനങ്ങള്‍ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപനം

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഴുവനായും നിയമസഭയില്‍ വായിക്കാതിരുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമര്‍ശനമാണ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നിലനില്‍ക്കുന്ന അസമത്വമാണ് ഈ ഞെരുക്കത്തിന് കാരണം. വികസനത്തിന് പണം കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതരാകുന്നത് ഫെഡറല്‍ സംവിധാനത്തിലെ പോരായ്മയാണ്. ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും, റവന്യു കമ്മി ഗ്രാന്റില്‍ വന്ന കുറവും, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും സംസ്ഥാനത്തെ സാമ്പത്തികമായി തകര്‍ത്തു. അതിന് പരിഹാരം കാണുന്നതിന് സുപ്രീം കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതരാക്കി. കേന്ദ്രം ഈ നിലപാടില്‍ പുനപരിശോധന നടത്തണമെന്നും നയപ്രഖ്യാപനത്തില്‍ ആവശ്യപ്പെടുന്നു.
കേരളത്തിന്റെ പ്രധാന വരുമാനം ലോട്ടറിയും മദ്യവുമാണെന്ന ഗവര്‍ണറുടെ വിമര്‍ശനത്തിനും മറുപടിയുണ്ട്. മദ്യത്തില്‍ നിന്ന് നികുതി വരുമാനത്തിന്റെ 3.7 ശതമാനം മാത്രമാണ് ലഭിക്കുന്നത്. ഇത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. ആഭ്യന്തര വരുമാനം സമാഹരിക്കുന്നതിലും നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അവകാശപ്പെടുന്നു.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറയുന്ന നയപ്രഖ്യാപനത്തില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി പ്രതിമാസം 900 കോടി രൂപ വകയിരുത്തിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. 5 മാസത്തെ പെന്‍ഷന്‍ കുടിശിക നല്‍കാനിരിക്കുമ്പോഴാണ് ഈ പ്രഖ്യാപനം. കെഫോണ്‍ 96 ശതമാനം പ്രത്യക്ഷ പുരോഗതി നേടിയതായും അവകാശപ്പെടുന്നുണ്ട്. കെഎസ്ആര്‍ടിസിക്കായി 113 ഇലക്ട്രിക് ബസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായും പരാമര്‍ശമുണ്ട്. 82,383 കോടിയുടെ 1073 പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും 2028 ഓടെ ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുമെന്നും വ്യക്തമാക്കുന്നു.
ഫെഡറലിസത്തിന്റെ അന്തസത്തയ്ക്ക് കോട്ടം സംഭവിക്കാതിരിക്കേണ്ടത് എല്ലാവരുടേയും ബാധ്യതയാണെന്ന് അവസാന ഭാഗത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ ഭാഗം മാത്രമാണ് ഗവര്‍ണര്‍ സഭയില്‍ വായിച്ചതും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here