‘രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരം’; പത്മജയെ വിമര്‍ശിച്ച രീതി ശരിയല്ല; കെപിസിസി യോഗത്തില്‍ ശൂരനാട് രാജശേഖരന്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം. ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് രാഹുലിനെതിരെ വിമര്‍ശനമുയര്‍ന്നത്. രാഹുലിന്റെ പരാമര്‍ശം മോശമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ ആരോപിച്ചു. പരാമര്‍ശത്തില്‍ ലീഡറുടെ പേര് അനാവശ്യമായി വലിച്ചിഴച്ചത് ശരിയായില്ല. രാഹുലിന്റെ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരമുണ്ടായതായും ശൂരനാട് രാജശേഖരന്‍ വിമര്‍ശിച്ചു. അതേസമയം വിഷയം ചര്‍ച്ച ചെയ്ത് കഴിഞ്ഞതാണെന്നും ഇനിയും വലിച്ചിഴക്കണ്ടെന്നും കെപിസിസി പ്രസിഡന്റിന്റെ താല്ക്കാലിക ചുമതലയുള്ള എംഎം ഹസന്‍ മറുപടി നല്‍കി. തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും അറിയിച്ചു.
ബിജെപിയില്‍ അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാല്‍ പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകള്‍ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ബയോളജിക്കലി കരുണാകരന്‍ പത്മജയുടെ അച്ഛനാണ്. എന്നാല്‍ ഇനി കരുണാകരന്റെ മകള്‍ എന്ന് പറഞ്ഞ് പത്മജ ഇറങ്ങിയാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങി തടയുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അധിക്ഷേപിച്ചിരുന്നു. രാഹുലിന്റെ പരാമര്‍ശത്തില്‍ പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ കെ. മുരളീധരന്‍ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here