നഴ്സറി കുട്ടികളെ പീഡിപ്പിച്ച പ്രതിയെ വെടിവച്ചു കൊന്നതിൽ രൂക്ഷ വിമർശനം; ‘ഏറ്റുമുട്ടൽ കൊലയോ’ എന്ന് കോടതി

മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ നഴ്സറി കുട്ടികളെ പീഡിപ്പിച്ച അക്ഷയ് ഷിൻഡെയെ വെടിവച്ചു കൊലപ്പെടുത്തിയതിൽ മുംബൈ പോലീസിന് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രതിയെ കൊലപ്പെടുത്തിയതിനു പിന്നിൽ കളളക്കളിയുണ്ട്. പ്രതിയെ സംഭവത്തെ ‘ഏറ്റുമുട്ടൽ’ എന്ന് വിളിക്കാൻ കഴിയില്ല. പ്രതിയായ അക്ഷയ് ഷിൻഡെയെ ജയിലിൽ നിന്ന് അന്വേഷണത്തിനായി കൊണ്ടുപോകുന്നത് മുതൽ ശിവാജി ആശുപത്രിയിൽ മരണം സ്ഥീരീകരിക്കുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദേശിച്ചു.

സ്വയരക്ഷക്കായിട്ടാണ് അക്ഷയ് ഷിൻഡെയെ വെടിവച്ച് കൊന്നതെന്ന അവകാശവാദത്തിലും കോടതി സംശയം പ്രകടിപ്പിച്ചു. തലോജ ജയിലിൽ നിന്ന് ബദ്‌ലാപൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ അസിസ്റ്റൻ്റ് പോലീസ് ഇൻസ്‌പെക്ടർ നിലേഷ് മോറിൻ്റെ പിസ്റ്റൾ തട്ടിയെടുത്ത് ആക്രമിച്ചതിനെ തുടന്ന് വെടി വയ്ക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞിരുന്നത്. മൂന്ന് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്നാണ് തിരിച്ച് നിറയൊഴിച്ചതെന്നാണ് പോലീസ് ഭാഷ്യം. ഈ പറയുന്നതിൽ വിശ്വാസക്കുറവണ്ടെന്ന് കോടതി പറഞ്ഞു. റിവോൾവർ പോലെയല്ല പിസ്റ്റൽ. സാധാരണക്കാരന് അങ്ങനെ അത് ഉപയോഗിക്കാൻ കഴിയില്ല. തട്ടിയെടുത്തത് ആയിരുന്നെങ്കിൽ ആദ്യ വെടിക്ക് ശേഷം പ്രതിയെ നാല് പോലീസുകാർക്ക് നിസാരമായി കീഴടക്കാൻ കഴിയുമായിരുന്നു. പ്രതി ശക്തനായ ഒരു മനുഷ്യൻ ആയിരുന്നില്ല. അതിനാൽ പോലീസ് പറയുന്നത് വിശ്വാസയോഗ്യമല്ലെന്നും കോടതി വ്യക്തമാക്കി.

തൻ്റെ മകൻ കൊല്ലപ്പെത് വ്യാജ ഏറ്റുമുട്ടലിലൂടെയാണ് എന്നാരോപിച്ച് പ്രതിയുടെ പിതാവ് അണ്ണ ഷിൻഡെ സമർപ്പിച്ച ഹർജി പരിഗണിക്കുക ആയിരുന്നു കോടതി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് അക്ഷയ് ഷിൻഡെയെ കൊലപ്പെടുത്തിയതെന്നാണ് ഹർജിക്കാരൻ്റെ വാദം. സംഭവം പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 13നായിരുന്നു സ്കൂളിലെ തൂപ്പുകാരനായ അക്ഷയ് ഷിൻഡെ രണ്ടും നാലും വയസുള്ള പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കുട്ടികളെ ശുചിമുറിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പീഡനം നടത്തിയത്. പെണ്‍കുട്ടികളിലൊരാള്‍ മുത്തച്ഛനോട് പറഞ്ഞതോടെയാണ് അതിക്രമം പുറത്തറിഞ്ഞത്. വൈദ്യ പരിശോധനയില്‍ രണ്ട് പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തുകയായിരുന്നു.

ഓഗസ്റ്റ് 16ന് രക്ഷിതാക്കൾ പരാതി നൽകിയെങ്കിലും അദ്യം കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയർന്നിരുന്നതത്. ആയിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതിന് ശേഷമായിരുന്നു പോലീസ് കേസെടുത്തത്. ബിജെപി നേതാവിൻ്റെ അടുത്ത ബന്ധുവിൻ്റെ സ്കൂൾ ആയതിനാലാണ് പോലീസ് നടപടിയെടുക്കാത്തത് എന്നും ആരോപണമുയർന്നിരുന്നു. അക്ഷയ് ഷിൻഡെ താമസിച്ചിരുന്ന വീടും രോഷാകുലരായ ജനക്കൂട്ടം തകർത്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top