മന്ത്രിയെ വിമർശിച്ചതിന് 11 കേസുകള്‍; മാധ്യമ പ്രവർത്തകൻ ജയിലിലായിട്ട് ഒരുമാസം

ഭോപ്പാൽ: മന്ത്രിയെ വിമർശിച്ച മാധ്യമ പ്രവർത്തകനെതിരെ നാല് ദിവസത്തിനിടയിൽ (സെപ്റ്റംബർ 7-10) ഏഴ് കേസുകൾ. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലാണ് സംഭവം. ദൈനിക് ഖുലാസ ദിനപത്രത്തിൻ്റെ ക്രൈം റിപ്പോർട്ടർ ജാലം സിംഗിനെതിരെയാണ് കേസെടുത്തത്. ഗ്വാളിയോർ ഡിവിഷനിലെ ഗുണ, ശിവപുരി എന്നിവിടങ്ങളിൽ ഒരു മാസത്തിനിടയിൽ ആകെ 11 എഫ്‌ഐആറുകൾ രജിസ്റ്റര്‍ ചെയ്തതായും റിപ്പോർട്ടുണ്ട്.

സെപ്തംബർ 7 ന് പഞ്ചായത്ത് വികസന മന്ത്രി മഹേന്ദ്ര സിംഗ് സിസോദിയയെപ്പറ്റി ഒരു റിപ്പോർട്ട് ജാലം സിംഗ് പുറത്ത് വിട്ടിരുന്നു. ഇതിനെതിരെയുള്ള പ്രതികാര നടപടിയുടെ ഭാഗമായിട്ടാണ് കേസെന്നാണ് മാധ്യമ പ്രവർത്തകൻ്റെ ബന്ധുക്കൾ പറയുന്നത്. മന്ത്രി ഒരു സ്ത്രീയൊടൊപ്പം നിൽക്കുന്ന വീഡിയോയുടെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ വാര്‍ത്തയിലുണ്ടായിരുന്നു. എന്നാല്‍ മന്ത്രിയുടെ പേരെടുത്ത് പറഞ്ഞിരുന്നില്ല .

“പാർട്ടി മാറിയ ഒരു രാഷ്ട്രീയക്കാരന്റെ വീഡിയോയും സന്ദേശങ്ങളും പുറത്ത് വന്നിട്ടുണ്ട്. അത് പാർട്ടി നേതൃത്വത്തിന് മുന്നിൽ എത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ടിക്കറ്റ് റദ്ദാക്കും. പാർട്ടി അദ്ദേഹത്തെ പുറത്താക്കും”-എന്നിങ്ങനെ ആയിരുന്നു ജാലം സിംഗ് റിപ്പോർട്ട് ചെയ്തത്. സെപ്തംബർ 13 ന് അറസ്റ്റിലായ ജാലം സിംഗ് ഇപ്പോൾ റിമാൻഡിലാണ്.

ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന 22 എംഎൽഎമാരിൽ ഉൾപ്പെട്ടയാളാണ് മഹേന്ദ്ര സിംഗ് സിസോദിയ. 2020ലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ പഞ്ചായത്ത്, ഗ്രാമവികസന മന്ത്രിയായി. 2013ലും 2018ലും ബമോറി നിയമസഭാ മണ്ഡലത്തിൽ നിന്നും കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ വിജയിച്ച സിസോദിയ കമൽനാഥ് മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായിരുന്നു.

അതേസമയം; മധ്യപ്രദേശൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പുകൾക്ക് മുമ്പായി മാധ്യമ പ്രവർത്തകർക്ക് നിരവധി ക്ഷേമപദ്ധതികളായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്. ഒക്ടോബർ 3ന് സംസ്ഥാന മീഡിയ സെൻ്ററിന് തറക്കല്ലിടുമ്പോഴായിരുന്നു പ്രഖ്യാപനം. മാധ്യമപ്രവർത്തകരുടെ സംരക്ഷണ നിയമം രൂപീകരിക്കുന്നതിനുള്ള കമ്മിറ്റി രൂപീകരിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. ഇതിനിടയിലാണ് മന്ത്രിയെ വിമർശിച്ചതിൻ്റെ പേരിൽ ജയിലിലായ മാധ്യമ പ്രവർത്തകൻ്റെ വാർത്ത പുറത്ത് വരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top