സര്‍ക്കാരിനെതിരെ മിണ്ടരുതെന്ന് തിട്ടൂരം; മാധ്യമ വാര്‍ത്തകള്‍ ഷെയര്‍ ചെയ്‌താല്‍ പണി കിട്ടും; ജിഎസ്ടിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെയും ധനമന്ത്രിയേയും വിമര്‍ശിച്ചുവെന്ന് ആരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടി. സംസ്ഥാന ജിഎസ്ടി വകുപ്പ് ജീവനക്കാരായ ആലുവ ഡി.സി. ഇന്റലിജന്റ്‌സ് ക്ലറിക്കല്‍ അറ്റന്‍ഡര്‍ അഷ്‌റഫ് എം.എ, കോട്ടയം ജോയിന്റ് കമ്മീഷണറുടെ കാര്യത്തിലെ ഓഫീസ് അറ്റന്‍ഡന്റ് പ്രതീഷ് കുമാര്‍ കെ.സി എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിനെയും ധനമന്ത്രിയെയും വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുകയും ഫോര്‍വേര്‍ഡ് ചെയ്യുകയും ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടം ലംഘിച്ചതിന് വിശദീകരണം നല്‍കണം. തൃപ്തികരമായ വിശദീകരണമല്ലെങ്കില്‍ നടപടിയുണ്ടാകും എന്നാണ് കാരണംകാണിക്കല്‍ നോട്ടീസില്‍ പറയുന്നത്. പ്രതിപക്ഷ സംഘടനകളിലുള്ളവരെ തിരഞ്ഞ് പിടിച്ച് ശിക്ഷണ നടപടികള്‍ നടപ്പാക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
പത്ര ദൃശ്യമാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നികുതി വകുപ്പിലെ ജീവനക്കാര്‍ ഉള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ജി.എസ്.ടി വകുപ്പിലെ അനാസ്ഥയെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ പത്ര-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ജി.എസ്.ടി വകുപ്പിന്റെ അനാസ്ഥയെക്കുറിച്ച് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
സിനിമാതാരങ്ങളില്‍ നിന്ന് നികുതി പിരിച്ചെടുക്കാതെ ഒത്തുതീര്‍പ്പുകള്‍ നടത്തുന്ന വാര്‍ത്ത, തോമസ് ഐസക്ക് – കെ.എന്‍. ബാലഗോപാല്‍ തുടങ്ങിയ ധനമന്ത്രിമാരുടെ വീഴ്ച്ചകള്‍ കാരണം സംസ്ഥാനത്തിനുണ്ടായ നികുതി നഷ്ടം, ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി. ഈ വാര്‍ത്തകളും മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here