പടക്കം പൊട്ടുമ്പോലെ ബാങ്കുകൾ പൊളിയുന്നു, തിരുവല്ല-കുറ്റൂർ സഹകരണ ബാങ്കിലും കോടികളുടെ വായ്പതട്ടിപ്പ്, സിപിഎം ഏരിയ സെക്രട്ടറിയുടെ ഭാര്യക്ക് വ്യാജ വിലാസത്തിൽ 20 ലക്ഷം വായ്പ, ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഒരേദിവസം 50 ലക്ഷം അനുവദിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് സഹകരണ ബാങ്കുകൾ പൊളിയുന്നത് വാർത്തയല്ലാതാവുകയാണ്. നിക്ഷേപകരുടെ കോടിക്കണക്കിനു രൂപയാണ് ഒരു സംഘം രാഷ്ട്രീയ നേതാക്കളും അവരുടെ പിണിയാളുകളും തട്ടിയെടുത്തിരിക്കുന്നത്. ഏറ്റവുമൊടുവിൽ സിപിഎം ഭരിക്കുന്ന തിരുവല്ല-കുറ്റൂർ സർവീസ് സഹകരണ ബാങ്ക് നഷ്ടത്തിലായ കഥയാണ് പുറത്തുവരുന്നത്. അഞ്ചുകോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പുനടന്നുവെന്നാണ് തിരുവല്ല അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നത്. നിക്ഷേപകർക്ക് പണം പിൻവലിക്കാനാകാത്ത സ്ഥിതിയിലാണ് ബാങ്കിന്റെ ഇപ്പോഴത്തെ അവസ്ഥ. ജീവനക്കാർക്ക് തുച്ഛമായ ശമ്പളമാണ് കിട്ടുന്നതെന്ന തിരുവല്ല അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു.

വായ്പ നൽകിയതിൽ വൻതോതിലുള്ള ക്രമക്കേടുകളാണ് അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ബാങ്കിന്റെ പരിധിക്കുപുറത്തു താമസിക്കുന്ന സിപിഎമ്മിന്റെ തിരുവല്ല ഏരിയ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിയുടെ ഭാര്യ സ്വപ്ന ദാസിന്റെ പേരിൽ 20 ലക്ഷം രൂപ വായ്പയായി നൽകിയിട്ടുണ്ട്. സ്വപ്ന ദാസ്, വടക്കേപ്പറമ്പിൽ വീട്, വെൺപാല പി.ഒ എന്ന വ്യാജ വിലാസത്തിലാണ് ബാങ്കിൽ അംഗത്വം എടുത്ത് ലോൺ സംഘടിപ്പിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ലോൺ അനുവദിക്കുന്നതിനായി തിരക്കിട്ട് അംഗത്വം നൽകി. അംഗത്വം നൽകിയ അതേദിവസം തന്നെ 20 ലക്ഷം രൂപ വായ്പയായി അനുവദിക്കുകയും ചെയ്തു. സ്വപ്ന ദാസ് സമർപ്പിച്ച പ്രമാണത്തിലെ വിലാസം വടക്കേപ്പറമ്പിൽ വീട്, കടപ്ര വില്ലേജ്, പരുമല പി.ഒ എന്നാണ്.
ഈടുനൽകിയ ആധാരത്തിൽ വസ്തുവിന്റെ വിലയായി കാണിച്ചിരിക്കുന്നത് 10,12,500 രൂപയാണ്. അടിസ്ഥാന വിലയുടെ ഇരട്ടിയോളം രൂപയാണ് വായ്പയായി നൽകിയത്. ഈ വസ്തുവിലേക്ക് എത്തിച്ചേരുന്നതിനു റോഡോ സ്വതന്ത്രവഴികളോ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

സഹകരണ സംഘം രജിസ്ട്രാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ലോണുകൾ അനുവദിച്ചിരിക്കുന്നത്. വായ്പ തിരിച്ചടവു ശേഷി പരിശോധിക്കാതെയാണ് ഭൂരിപക്ഷംപേർക്കും വായ്പകൾ അനുവദിച്ചിരിക്കുന്നത്. മിക്ക ഈടു വസ്തുക്കളുടെയും അടിസ്ഥാന രേഖകളോ, പ്രമാണങ്ങളോ, ലൊക്കേഷൻ സർട്ടിഫിക്കറ്റോ, വാല്യൂവേഷൻ സർട്ടിഫിക്കറ്റോ ഫയലുകളിൽ കാണാനില്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. ബാങ്കിന്റെ പരിധിക്കു പുറത്തുള്ള ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് 10 ലക്ഷം രൂപ വീതം ഒരേ ദിവസം അനുവദിച്ചതായി കണ്ടെത്തി. ഈ അഞ്ചുപേരും വ്യാജ വിലാസവും രേഖകളും ഹാജരാക്കിയാണ് വായ്‌പ തരപ്പെടുത്തിയത്. ജേക്കബ് അലക്സ് കുരുശുംമൂട്ടിൽ വെൺപാല, സനോജ് ജേക്കബ് അമ്പാട്ട്, ഷൈജി സി. ജോസഫ് കുരുശുംമൂട്ടിൽ വെൺപാല, ആനി റോയ് കുരുശുംമൂട്ടിൽ വെൺപാല, ജോമോൻ സി. ജോർജ് എന്നിവരാണ് വ്യാജ വിലാസവും രേഖകളും സമർപ്പിച്ച് വായ്പ നേടിയത്. ഇവർ തിരുവല്ല കുറ്റിപ്പുഴ വില്ലേജിലെ മുത്തൂർ എന്ന സ്ഥലത്തെ താമസക്കാരാണ്. ബാങ്കിൽ അംഗത്വം ലഭിച്ച അതേ ദിവസം തന്നെ ഇവർക്ക് വായ്പ നൽകിയത് നിയമവിരുദ്ധമാണെന്നാണ് രജിസ്ട്രാറിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇവർക്കെതിരെ ആർബിട്രേഷൻ കേസ് പോലും ഫയൽ ചെയ്തിട്ടില്ല.

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ് മിക്ക വായ്പകളും അനുവദിച്ചിരിക്കുന്നത്. തിരിച്ചടവുശേഷി പരിശോധിക്കാതെ വായ്പ നൽകിയതിയതിനു ബാങ്ക് ഭരണ സമിതി ഉത്തരവാദികളാണ്. വായ്പകൾ തിരിച്ചുപിടിക്കാൻ ജീവനക്കാർ യാതൊരു താല്പര്യവും കാണിക്കുന്നില്ലെന്ന് റിപ്പോർട്ടിലുണ്ട്. എല്ലാ തീരുമാനങ്ങളും ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ചേർന്നെടുത്തതാണെന്നും മൊഴികളിലുണ്ട്.

ബാങ്കിന് വേണ്ടി പുതിയ കെട്ടിടം നിർമ്മിച്ചതിലും വൻ ക്രമക്കേടുകളുണ്ടായതായി അന്വേഷണ റിപ്പോർട്ടിലുണ്ട്. ബാങ്ക് കെട്ടിടം രണ്ടു നിലയിൽ നിർമ്മിക്കുന്നതിന് 13,09,5000 രൂപ ചെലവ് വരുമെന്നും അതിൽ 60 ലക്ഷം രൂപ ബാങ്കിന്റെ ഫണ്ടിൽനിന്നും വിനിയോഗിക്കുന്നതിനും ജോയിന്റ് രജിസ്ട്രാർ അനുമതി നൽകിയിരുന്നു. എന്നാൽ മൂന്നു നില കെട്ടിടം പണിയുകയും കൂടുതൽ പണം വിനിയോഗിക്കുകയും ബാങ്കിന് അധിക നഷ്ടം വരുത്തിവെയ്ക്കുകയും ചെയ്തു. കെട്ടിട നിർമ്മാണത്തിൽ പാലിക്കേണ്ട നടപടി ക്രമങ്ങൾ കാറ്റിൽപ്പറത്തിയാണ് പ്രവർത്തനങ്ങൾ നടത്തിയതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.

അന്വേഷണ റിപ്പോർട്ടിനെക്കുറിച്ചറിയാൻ ബാങ്ക് പ്രസിഡന്റ് വി.എസ്. അനീഷിനെ പലവട്ടം ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top