സാധനങ്ങൾ ഓർഡർ ചെയ്ത് ആമസോണിനെ പറ്റിച്ചത് കോടികൾ; സ്റ്റിക്കർ സ്വാപ്പിംഗ് നടത്തിയ യുവാക്കൾ അറസ്റ്റിൽ
ഓർഡർ ചെയ്ത സാധനങ്ങളിൽ സ്റ്റിക്കർ സ്വാപ്പിംഗ് നടത്തി ആമസോണിൽ നിന്നും കോടികൾ തട്ടിയ യുവാക്കൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ രാജ് കുമാർ മീണ (23), സുഭാഷ് ഗുർജാർ (27) എന്നിവരാണ് പിടിയിലായത്. മംഗളൂരു പോലീസാണ് ഇവരെ വലയിലാക്കിയത്. വ്യാജ ഐഡൻ്റിറ്റികൾ ഉപയോഗിച്ച് അവർ വലിയ ക്യാമറകളും ലാപ്‌ടോപ്പുകളും, ഒപ്പം ചില വിലകുറഞ്ഞ ഇനങ്ങളും ഓർഡർ ചെയ്തായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്.
സാധനം ഡെലിവറി നടത്തുമ്പോൾ ജീവനക്കാരുടെ ശ്രദ്ധ തിരിച്ചാണ് സ്റ്റിക്കർ മാറ്റുന്നത്. ഉയർന്ന മൂല്യമുള്ള സാധനങ്ങളുടെ സ്റ്റിക്കറുകൾ കുറഞ്ഞ മൂല്യമുള്ളവയുമായി മാറും. ഇതിന് ശേഷം ഉയർന്ന മൂല്യമുള്ള ഇനങ്ങൾക്ക് തെറ്റായ ഒടിപികൾ നൽകുകയും ഒടുവിൽ ഓർഡറുകൾ റദ്ദാക്കുകയും ചെയ്താണ് കബളിപ്പിക്കൽ തുടർന്നുകൊണ്ടിരുന്നത്. ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ യാത്ര ചെയ്ത് ആമസോണിൽ നിന്ന് 1.29 കോടി രൂപയാണ് യുവാക്കൾ തട്ടിയെടുത്തത്. ആമസോണിൻ്റെ ഡെലിവറി സെൻ്ററുകളിൽ നേരിട്ടെത്തിയാണ് ഇവർ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്.
ആമസോണിൻ്റെ ഡെലിവറി പങ്കാളിയായ മഹീന്ദ്ര ലോജിസ്റ്റിക്‌സ് ആണ് സ്റ്റിക്കർ സ്വാപ്പിംഗ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് വിവരം ആമസോണിനെ അറിയിച്ചതോടെയാണ് പ്രതികൾ പിടിയിലായത്. അസം, ഒഡീഷ, മഹാരാഷ്ട്ര, രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ 11 കേസുകൾ ഇവരുടെ പേരിൽ നിലവിലുണ്ട്.
മംഗളൂരിൽ ‘അമൃത്’ എന്ന പേരിൽ തെറ്റായ വിവരങ്ങൾ നൽകിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ വിലാസം നൽകി ഉയർന്ന വിലയുള്ള രണ്ട് സോണി ക്യാമറകളും മറ്റ് പത്ത് സാധനങ്ങളും പ്രതികൾ ഓർഡർ ചെയ്തു. രാജ് കുമാർ മീണ സാധനങ്ങൾ കൈപറ്റുകയും തെറ്റായ ഒടിപി നൽകുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന സുഭാഷ് ഗുർജാർ ഡെലിവറി ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് സോണി ക്യാമറ ബോക്സുകളിലെ ഒറിജിനൽ സ്റ്റിക്കറുകൾ മറ്റ് സാധനങ്ങളിൽ നിന്നുള്ള സ്റ്റിക്കറുകളുമായി മാറ്റുകയും ചെയ്തു. തുടർന്ന് ഒടിപി സ്ഥിരീകരിക്കാൻ കഴിയാതെ വന്നതോടെ അടുത്ത ദിവസം സാധനം വാങ്ങാം എന്നറിയിച്ച് ഇരുവരും അവിടെ നിന്നും പോവുകയായിരുന്നു.
ഇതിനുശേഷം ജീവനക്കാർ നടത്തിയ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തുകയായിരുന്നു. ഉടൻ വിവരം മഹീന്ദ്ര ലോജിസ്റ്റിക്‌സ് പോലിസിനെയും ആമസോണിനെയും അറിയിക്കുകയായിരുന്നു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാജസ്ഥാനിലേക്ക് പോകാനിരിക്കെ ആയിരുന്നു പ്രതികൾ പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും 11.45 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. ആമസോൺ ഡെലിവറി പോയിൻ്റിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് യുവാക്കളെ വലയിലാക്കാന്‍ കാരണമായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here