മോദി സമര്‍പ്പിച്ച കിരീടം മോഷണം പോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കാളിദേവിയുടെ കിരീടം മോഷണം പോയി. ബംഗ്ലാദേശിലെ സാതക്ഹിരയിലെ ജശോരേശ്വരി ക്ഷേത്രത്തിന് സമർപ്പിച്ച കിരീടമാണ് കാണാതായത് . ഇന്നലെ വൈകിട്ടാണ് വിവരം ശ്രദ്ധയിൽപ്പെടുന്നത്. ക്ഷേത്ര പൂജാരി ദിലീപ് മുഖർജി പൂജ കഴിഞ്ഞ് പോയതിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

സ്വർണവും വെള്ളിയും കൊണ്ട് നിർമിച്ച കിരീടത്തിനു സാംസ്കാരികവും മതപരവുമായ പ്രാധാന്യമുണ്ട്. 2021ലെ ബംഗ്ലാദേശ് സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിന് കിരീടം സമ്മാനിച്ചത്.സന്ദർശനത്തിനിടെ ക്ഷേത്രത്തിൽ കമ്യൂണിറ്റി ഹാൾ നിർമിക്കുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു.

ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളാണ് കാളി വിഗ്രഹത്തിൽ കിരീടമില്ലെന്ന് ആദ്യം കണ്ടെത്തിയത്. ബംഗ്ലാദേശ് പത്രമായ ​ദ ഡെയ്‍ലി സ്റ്റാറാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മോഷ്ടാവിനെ തിരിച്ചറിയാൻ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ശ്യാംനഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ തൈജുൽ അറിയിച്ചു. കീരീടവുമായി മോഷ്ടാവ് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടു പിടിക്കാനുള്ള ശ്രമം ഊർജിതമാക്കി.

ഇന്ത്യയിലും അയൽ രാജ്യങ്ങളിലുമായി കിടക്കുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം. ശക്തിപുരയിലെ ഈശ്വരിപൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പന്ത്രണ്ടാം നൂറ്റാണ്ടിൽ അനാരിയെന്നയാളാണ് ക്ഷേത്രം നിർമിച്ചത്. 100 വാതിലുകളുള്ള ക്ഷേത്രം വാസ്തുവിദ്യാ രൂപകൽപ്പനയ്ക്ക് പേരുകേട്ടതാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ലക്ഷ്മൺ സെൻ ക്ഷേത്രം പുതുക്കി പണിതു. പതിനാറാം നൂറ്റാണ്ടിൽ രാജ പ്രതാപഡിത്യ ക്ഷേത്രം പുനർനിർമിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top