കരുവന്നൂരില്‍ കരുക്കള്‍ നീക്കിയത് പാര്‍ട്ടി ‘സമാന്തര കമ്മിറ്റി’; സിപിഎം നേതാക്കൾക്കെതിരെ മൊഴി; നിർണായക നീക്കം നടത്താന്‍ ഇഡി


കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസിൽ സിപിഎം നേതാക്കൾക്കെതിരെ നിർണായക മൊഴിയുമായി കേസിലെ മുഖ്യസാക്ഷി ജിജോർ. മുൻമന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവർക്കെതിരെയാണ് ഇഡിക്ക് മൊഴി നൽകിയത്. മൊയ്തീന്‍ അടക്കമുള്ള നേതാക്കളുടെ ബിനാമിയായി പി സതീഷ് കുമാർ പ്രവർത്തിച്ചുവെന്നും പണം പലിശയ്ക്ക് കൊടുത്തുവെന്നുമാണ് മൊഴി. പത്ത് ശതമാനം പലിശക്കാണ് പണം നൽകിയതെന്നും മൊഴിയിലുണ്ട്.

സിപിഎം നേതാവ് എം.കെ. കണ്ണനെതിരെയും മുൻ ഡിഐജി എസ്. സുരേന്ദ്രനെതിരെയും ഇഡിക്ക് മൊഴി ലഭിച്ചിട്ടുണ്ട്. മുൻ ഡിഐജി എസ് സുരേന്ദ്രൻ വസ്തു തർക്കത്തിൽ ഇടനിലക്കാരനായി പണം കൈപ്പറ്റിയെന്നാണ് അന്വേഷണ ഏജൻസി പറയുന്നത്. സതീഷ് കുമാറിന് വേണ്ടിയാണ് സുരേന്ദ്രൻ മധ്യസ്ഥനായതെന്നും ഇഡി കോടതില്‍ പറഞ്ഞു . വ്യാപാരി വ്യവസായി സമിതി നേതാവ് ബിന്നി ഇമ്മട്ടിക്കെതിരെയും മൊഴി ലഭിച്ചിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

കരുവന്നൂർ ബാങ്കിന്‍റെ രണ്ട് മുൻ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാനും ഇഡി കോടതിയെ സമീപിച്ചിട്ടുണ്ട്. സിപിഎമ്മിന്‍റെ സമാന്തര കമ്മിറ്റിയാണ് വായ്പ നൽകുന്നതിനുള്ള അനുമതി നൽകിയതെന്നും ആ തീരുമാനത്തിൽ ഭരണ സമിതിയ്ക്ക് റോളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഇവരുടെ മൊഴികൾ. കരുവന്നൂർ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന ബിനാമി വായ്പകളെല്ലാം ഉന്നത നേതാക്കളുടെ അറിവോടെയാണ് നൽകിയതെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം. ഇത് സംബന്ധിച്ച് ബാങ്ക് സെക്രട്ടറി സുനിൽ, മുൻ മാനേജർ ബിജു കരീം എന്നിവരുടെ മൊഴി നേരത്തെ ഇഡി എടുത്തിരുന്നു.

കേസിലെ മുഖ്യപ്രതിയായ വെള്ളപ്പായ സതീശന്റെ ഇടനിലക്കാരനാണ് പ്രധാന സാക്ഷിയായ ജിജോർ. കരുവന്നൂരിലേയും മറ്റ് സഹകരണബാങ്കുകളിലേയും ഇടപാടുകൾ സതീശൻ നടത്തിയിരുന്നത് ജിജോർ മുഖേനയായിരുന്നു. ജില്ലയിലെ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ നിർണായക ഇടപാടുകളെക്കുറിച്ച് എ.സി. മൊയ്തീൻ ഉൾപ്പെടെയുള്ളവർക്ക് അറിയാമായിരുന്നെന്ന ആരോപണവുമായി ജിജോർ നേരത്തേ രംഗത്തെത്തിയിരുന്നു. മൊയ്തീൻ്റെ പേരിൽ ഉൾപ്പെടെ ബിനാമി ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ജിജോർ നേരത്തെ ആരോപിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമായിരുന്നു കരുവന്നൂർ ബാങ്കെന്നും ഇ.പി. ജയരാജനും കെ.കെ. ശൈലജയും തൃശ്ശൂരിൽ എത്തുമ്പോൾ സതീഷുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നുവെന്നും ജിജോർ വെളിപ്പെടുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top