‘ഇപിയെ വെടിവയ്ക്കാൻ തോക്ക് നൽകിയത് സുധാകരൻ’; കേസ് സുപ്രീം കോടതിയിലേക്ക് എത്തുമ്പോൾ നിർണായക മൊഴികൾ പുറത്ത്
ആന്ധ്ര പോലീസ് 1995ൽ രേഖപ്പെടുത്തിയ മൊഴി മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു!! ഇപി ജയരാജൻ വധശ്രമക്കേസിലെ ഗൂഡാലോചനയുടെ പേരിൽ കേരള പോലീസെടുത്ത കേസ് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതിയിൽ എത്തിയത്. ആന്ധ്ര പ്രദേശിൽ വച്ച് ട്രെയിനിലുണ്ടായ വെടിവയ്പിൻ്റെ ഗൂഡാലോചന നടന്നത് തിരുവനന്തപുരത്ത് ആണെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത കേസ് കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. ഒരേ സംഭവത്തിൽ രണ്ട് കേസ് നിലനിൽക്കില്ല എന്നായിരുന്നു ഹൈക്കോടതി സ്വീകരിച്ച നിലപാട്. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
1995 ഏപ്രിൽ 12നുണ്ടായ സംഭവത്തിൻ്റെ ഗൂഡാലോചന അന്വേഷിക്കാൻ 1997ലാണ് തിരുവനന്തപുരം തമ്പാനൂർ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നത്. 99ൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആന്ധ്ര പോലീസ് കണ്ടെത്തിയ സകല തെളിവുകളുടെയും രേഖകളുടെയും സർട്ടിഫൈഡ് കോപ്പി അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതിൽ പ്രതികളുടെ കുറ്റസമ്മത മൊഴിയാണ് ഏറ്റവും നിർണായകം. ഇപി ജയരാജന് നേരേ വെടിയുതിർത്ത വിക്രംചാലിൽ ശശിയുടെ മൊഴിയിലാണ് കെ.സുധാകരൻ്റെ പങ്ക് വ്യക്തമായി പറയുന്നത്. ഇതടക്കം രേഖകളാണ് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നത്.
തലശേരിയിലെ സ്വകാര്യ ബസ് ഡ്രൈവറും ആർഎസ്എസ് പ്രവർത്തകനും ആയിരുന്നു ശശി. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സിപിഎമ്മുകാർ രാഷ്ട്രിയ വിരോധത്തിൻ്റെ പേരിൽ കൊലപ്പെടുത്തിയതിനാൽ കടുത്ത പകയുണ്ടായിരുന്നു. ഇതേ വികാരമുള്ള ദിനേശനെയും കൂട്ടി 1994ൽ എംവി രാഘവനെയും കെ സുധാകരനെയും കാണുകയാണ് ശശി. സിപിഎമ്മിൻ്റെ പ്രധാനപ്പെട്ട ഏതെങ്കിലും നേതാക്കളെ കൊലപ്പെടുത്തി കണ്ണൂരിലെ അക്രമരാഷ്ട്രിയത്തിന് അറുതി വരുത്തുകയായിരുന്നു ഉദ്ദേശ്യം.
ഇരുവർക്കും കൈകൊടുത്ത സുധാകരനും രാഘവനും പിന്നീടുള്ള കൂടിക്കാഴ്ചകളിൽ 10,000 രൂപ വീതം നൽകി. സിപിഎമ്മിൻ്റെ ചണ്ഡീഗഡ് പാർട്ടി കോൺഗ്രസിന് ശേഷം നേതാക്കൾ മടങ്ങുമ്പോഴാകും വധിക്കാൻ പറ്റിയ സാഹചര്യമെന്നും ധാരണയായി. പലപ്പോഴായി നാലു തോക്കുകളും സംഘടിപ്പിച്ചു നൽകിയ കെ.സുധാകരൻ, പാർട്ടി കോൺഫ്രൻസ് തീരുന്നതിന് കൃത്യം ഒരാഴ്ച മുൻപ് തലശേരിയിൽ നിന്ന് നിമാസുദീൻ എക്സ്പ്രസ് ട്രെയിനിൽ ഇരുവരെയും ഡൽഹിക്ക് അയച്ച് അവിടെ താമസസൌകര്യവും ഒരുക്കിനൽകി.
പാർട്ടി കോൺഗ്രസ് തീർന്നത് മുതൽ റെയിൽവേ റിസർവേഷൻ ചാർട്ട് നോക്കി ഇപി ജയരാജനും സംഘവും മടങ്ങുന്ന ട്രെയിൻ തിരിച്ചറിഞ്ഞു. അതേ ട്രെയിൻ പുറപ്പെട്ട ശേഷം ഗാർഡ് റൂമിലേക്ക് ഓടിക്കയറിയാണ് ഇരുവരും യാത്ര തുടങ്ങിയത്. പത്തുമണിയോടെ സീറ്റിൽ നിന്നെഴുന്നേറ്റ് ജയരാജൻ മുഖം കഴുകാൻ വാഷ് ബേസിനരികിലേക്ക് എത്തുമ്പോഴാണ് ശശി രണ്ട് റൌണ്ട് വെടിയുതിർത്തത്. ശേഷം ട്രെയിനിൽ നിന്ന് ചാടി, പിന്നീട് മറ്റൊരു ട്രെയിനിൽ കയറി നാട്ടിലേക്ക് പുറപ്പെട്ട ശശിയെ മദ്രാസ് സെൻട്രൽ സ്റ്റേഷനിൽ നിന്ന് പിടികൂടിയാണ് ഈ മൊഴിയെല്ലാം രേഖപ്പെടുത്തിയത്.
ട്രെയിനിൽ നിന്ന് ചാടിയതിൻ്റെ ഗുരുതര പരുക്കുകളോടെ മൃതപ്രായനായാണ് വിക്രംചാലിൽ ശശിയെ അന്നുതന്നെ മദ്രാസ് റെയിൽവേ പോലീസിന് കിട്ടിയത്. സാക്ഷികളുടെ സാന്നിധ്യത്തിൽ ഉടനടി രേഖപ്പെടുത്തിയ മൊഴിയാണിത്. അതുകൊണ്ട് തന്നെ ഈ മൊഴിയിൽ ലവലേശം സംശയം ആർക്കും ഉന്നയിക്കാൻ പഴുതില്ല. ഗൂഡാലോചനക്ക് കേസെടുത്ത കേരള പോലീസല്ല, മദ്രാസ് റെയിൽവേ പോലീസ് ഇൻസ്പെക്ടർ ഹരിതീർത്ഥൻ നേരിട്ട് രേഖപ്പെടുത്തിയ മൊഴിയാണ് എന്നതിന് തെളിവായി ഒപ്പും സീലും ഈ രേഖയിലുണ്ട്.
ഇവയെല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയ കുറ്റപത്രത്തിൻ്റെ അടിസ്ഥാനത്തിൽ വിചാരണ തുടങ്ങാനിരിക്കെയാണ് കെ.സുധാകരൻ്റെ ഹർജിയിൽ തുടർനടപടികൾ കോടതി സ്റ്റേ ചെയ്തത്. ഇത് നീക്കി കേസിൽ അവശേഷിക്കുന്ന ഏകപ്രതിയായ കെ.സുധാകരനെ വിചാരണ ചെയ്യാൻ അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് റദ്ദാക്കിയത്. ഇതിനെ തുടർന്നാണ് നിലവിൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഗൂഡാലോചനയെക്കുറിച്ചുള്ള അന്വേഷണം ആന്ധ്രയിലെ കേസിൽ നടന്നിട്ടില്ലെന്നും ഇത് പ്രത്യേകം കേസായി അന്വേഷിക്കേണ്ടതാണ് എന്നുമാണ് ഇന്നും അന്നും സംസ്ഥാന സർക്കാരിൻ്റെ വാദം.
ആന്ധ്ര പ്രദേശ് പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ കെ സുധാകരനും എംവി രാഘവനും അടക്കം നാലുപ്രതികൾ ഉണ്ടായിരുന്നെങ്കിലും കുറ്റപത്രം സമർപ്പിച്ചപ്പോൾ ഇത് രണ്ടായി കുറഞ്ഞു. ഇതിൽ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി വിക്രംചാലിൽ ശശി 1999ൽ കൂത്തുപറമ്പിൽ വച്ച് കൊല്ലപ്പെട്ടു. രണ്ടാം പ്രതി ദിനേശന് 19 വർഷം തടവുശിക്ഷ കോടതി വിധിച്ചു. സുധാകരനും രാഘവനും പ്രതിസ്ഥാനത്ത് നിന്ന് ഒഴിവായപ്പോൾ ഇവരുൾപ്പെട്ട ഗൂഡാലോചന കണ്ടെത്താൻ വിപുലമായ അന്വേഷണം വേണ്ടിവരും എന്നായിരുന്നു ആന്ധ്ര പോലീസിൻ്റെ നിലപാട്. ഡൽഹിയിലും കേരളത്തിലുമെല്ലാം തെളിവെടുക്കേണ്ടി വരും. വധശ്രമത്തിൽ നേരിട്ട് പങ്കെടുത്തവരെ ചേർത്ത് ആദ്യ കുറ്റപത്രം കൊടുക്കുന്നു എന്നായിരുന്നു അന്നത്തെ വിശദീകരണം. ഇതിൽ രാഷ്ട്രിയ ഒത്തുകളി അക്കാലം മുതലേ സിപിഎം ആരോപിക്കുന്നുണ്ട്.
തുടർന്നാണ് തിരുവനന്തപുരത്തും കണ്ണൂരിലും ഡൽഹിയിലുമായി നടന്ന ഗൂഡാലോചനകളുടെ അന്വേഷണത്തിനായി കേരള പോലീസ് പുതിയ കേസ് റജിസ്റ്റർ ചെയ്തത്. ഇതിൽ തമ്പാനൂർ പോലീസ് കുറ്റപത്രം സമർപ്പിക്കുമ്പോൾ കേസിലാകെ നാലുപ്രതികളായിരുന്നു. കെ.സുധാകരൻ ഒന്നാം പ്രതിയും എംവി രാഘവൻ രണ്ടാം പ്രതിയും ആയിരുന്നു. സുധാകരനെ 1997ൽ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചതിനാൽ ചോദ്യം ചെയ്യാനായില്ല എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വിക്രംചാലിൽ ശശിയും ദിനേശനും നാലും അഞ്ചാം പ്രതിയുമായിരുന്നു. എഫ്ഐആറിൽ മൂന്നാം പ്രതിയായി ചേർത്തിരുന്നയാളെ കുറ്റപത്രം കൊടുക്കുമ്പോൾ ഒഴിവാക്കി. ഈ പ്രതികൾക്കെല്ലാം പിന്തുണയായി ഉണ്ടായിരുന്ന ഒരാൾ കൂടി ഉണ്ടായിരുന്നെങ്കിലും ആളെ തിരിച്ചറിയാനായില്ല.
പ്രതികളിൽ നിന്ന് നാലുതോക്കുകൾ ആന്ധ്ര പ്രദേശ് പോലീസ് പിടികൂടിയിരുന്നു. ഇവയെല്ലാം കെ.സുധാകരൻ നൽകിയതാണെന്ന് ഇരുവരും മൊഴി നൽകിയിരുന്നു. തിരുവനന്തപുരത്ത് ഇവർ താമസിച്ച ശ്രീദേവി ടൂറിസ്റ്റ് ഹോമിൽ നിന്നും കെ.സുധാകരൻ താമസിച്ചിരുന്ന തൈക്കാട് സർക്കാർ ഗസ്റ്റ് ഹൌസിൽ നിന്നുമുള്ള ഒക്കുപ്പൻസി റജിസ്റ്ററിൻ്റെ കോപ്പികൾ കേസിൽ തെളിവായി പോലീസ് ശേഖരിച്ചിരുന്നു. കൂടാതെ ശ്രീദേവി ടൂറിസ്റ്റ് ഹോമിൽ താമസിച്ചുകൊണ്ട് തൈക്കാട് ഗസ്റ്റ് ഹൌസിലേക്ക് ഇവർ വിളിച്ചതും തിരിച്ച് വിളിച്ചതുമായുള്ള ഫോൺകോളുകളുടെ പട്ടികയും കുറ്റപത്രത്തിനൊപ്പം ഉണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here