റിയൽ എസ്റ്റേറ്റ് ബ്രോക്കറോട് സുഹൃത്തുക്കളുടെ കൊടുംക്രൂരത; നായയുടെ ബെൽറ്റ് മുറുക്കി കൊന്ന് കാറിലിട്ട് കത്തിച്ചു


തീപിടിച്ച ടൊയോട്ടോ ഫോർച്യൂണർ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. റിയൽ എസ്റേറ്റ് ബ്രോക്കറായിരുന്ന യുപി ഗാസിയാബാദ് സ്വദേശി സഞ്ജയ് യാദവിനെ ചെവ്വാഴ്ച രാത്രിയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ തീപ്പൊള്ളലേറ്റല്ല മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

സഞ്ജയ് യാദവിനെ സുഹൃത്തുക്കളായ വിശാൽ രജ്പുത് ജീത് ചൗധരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യാദവിനെ ശ്വാസം മുട്ടിച്ച് കൊലപെടുത്തിയ ഇവർ ആഭരണങ്ങളും പണവും കവർന്ന ശേഷം കാറിലിട്ട് കത്തിക്കുകയായിരുന്നു. ദാദ്രിയിൽ വനമേഖലയിൽ നിന്നാണ് കത്തിനശിച്ച വാഹനം കണ്ടെത്തിയത്.

അന്നേ ദിവസം യാദവ് സുഹൃത്തുക്കളായ വിശാലിനെയും ജീതിനെയും കാണാൻ പോയെന്ന ബന്ധുക്കളുടെ മൊഴിയാണ് കേസിൽ നിർണായകമായത്. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പണവും ആഭരണങ്ങളും കൊള്ളയടിക്കാനാണ് യാദവിനെ കൊലപ്പെടുത്തിയതെന്ന് വിശാലും ജിത്തുവും ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

നായയുടെ ബെൽറ്റ് കഴുത്തിൽ മുറുക്കിയാണ് പ്രതികള്‍ കൃത്യം നിർവഹിച്ചത്. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തുടർന്ന് പ്രതികൾ യാദവിൻ്റെ മൃതദേഹം വാഹനത്തിൻ്റെ പിൻസീറ്റിൽ ഇട്ട് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പിടിയിലായവരിൽ നിന്നും യാദവിൻ്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട പണവും രണ്ട് സ്വർണ മോതിരങ്ങളും ഒരു ബ്രേസ്‌ലെറ്റും ഒരു സ്വർണമാലയും കണ്ടെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top