“ഭര്‍ത്താവ് കുട്ടിയെ ദുശീലങ്ങള്‍ പഠിപ്പിച്ചു, ഇനിയും താങ്ങാനാവില്ല”: ഐലൈനര്‍ കൊണ്ട് കുത്തിക്കുറിച്ച് സൂചന

ഗോവ: മകനെ കൊന്ന് കുത്തിനിറച്ച ബാഗിൽ നിന്നും പ്രതി സൂചന സേത്തിന്റെ കൈപ്പടയിൽ എഴുതിയതെന്ന് സംശയിക്കുന്ന കടലാസ് തുണ്ടുകള്‍ കണ്ടെത്തി. പ്രതിയുടെ മാനസിക നിലയെയും കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെയും സൂചിപ്പിക്കുന്നതാണ് ഈ തെളിവെന്ന് ഗോവ പോലീസ്.

“കോടതിയും എന്റെ ഭർത്താവും മകനെ നൽകാനായി സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇത് ഇനിയും താങ്ങാനാവില്ല” ഐലൈനർ കൊണ്ടെഴുതിയ കടലാസിൽ സൂചന കുറിച്ചത് ഇങ്ങനെ. തന്റെ ഭർത്താവ് ഒരു ക്രൂരനാണെന്നും മകനെ ചീത്ത ശീലങ്ങൾ പഠിപ്പിച്ചിരുന്നെന്നും അതിനാൽ ഒരു ദിവസം പോലും മകനെ അയാളുടെ കൂടെ വിടാൻ കഴിയില്ലെന്നും കുറിപ്പിൽ പറയുന്നു. കൈയ്യക്ഷരം തിരിച്ചറിയുന്നതിനായി ഫോറന്‍സിക്‌ പരിശോധനയ്ക്ക് അയക്കും.

പ്രതിയുടെ മാനസികാവസ്ഥയെ തുറന്നുകാട്ടുന്ന സുപ്രധാന തെളിവാണ് ഈ കുറിപ്പ്. കുട്ടിയെ എല്ലാ ആഴ്ചകളിലും ഒരു ദിവസം അച്ഛന്റെ കൂടെ വിടണമെന്ന് കോടതി ഉത്തരവ് പ്രതിയെ വല്ലാതെ അലട്ടിയിരിക്കാം, ഇത് കൊലപാതകത്തിലേക്ക് നയിച്ചതാകാമെന്ന് പോലീസ് കരുതുന്നു. അതേസമയം, കുട്ടിക്ക് ഭർത്താവിന്റെ ഛായയാണെന്നും, മകന്റെ മുഖം തന്റെ നശിച്ചുപോയ ബന്ധത്തെ ഇടയ്ക്കിടെ ഓർമപ്പെടുത്തുന്നു എന്നും സൂചന പറഞ്ഞതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

തെറാപ്പിസ്റ്റിനെ സ്ഥിരമായി ആശ്രയിച്ചിരുന്ന സൂചന, കുറ്റകൃത്യം ചെയ്യുന്നതിന് തൊട്ടുമുന്‍പ് വരെ ഡോക്ടറുമായി ബന്ധപ്പെട്ടതായും കണ്ടെത്തി. കൃത്യം ചെയ്തശേഷം പ്രതി ഫോണില്‍ ആരെയൊക്കെ ബന്ധപ്പെട്ടന്ന് പരിശോധിച്ചുവരികയാണ്.

പ്രതിയെ പിടികൂടാന്‍ സഹായിച്ച ടാക്സി ഡ്രൈവര്‍ക്കും സൂചന താമസിച്ച മുറിയില്‍ നിന്നും രക്തക്കറകള്‍ കണ്ടെത്തിയ ഹോട്ടല്‍ ജീവനക്കാരനും പാരിതോഷികം നല്‍കാനുള്ള തീരുമാനത്തിലാണ് ഗോവ പോലീസ്.

ജനുവരി 8നാണ് സൂചന സേത്ത് (39) നാല് വയസ് പ്രായമുള്ള മകനെ ഗോവയില്‍വെച്ച് കൊലപ്പെടുത്തി, പെട്ടിയിലാക്കി ബംഗളൂരുവിലേക്ക് കടന്നത്. ഗോവയില്‍ താമസിച്ച മുറിയിലെ രക്തക്കറകളാണ് സംശയം ഉണ്ടാക്കിയത്. ഗോവയിൽ നിന്ന് തിരികെ ബംഗളൂരുവിലേക്ക് റോഡ് മാർഗം കടക്കാനായിരുന്നു പ്ലാൻ. പോലീസ് നല്‍കിയ നിര്‍ദേശമനുസരിച്ച് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ടാക്സി ഡ്രൈവര്‍ സൂചനയെ തന്ത്രപൂര്‍വ്വം എത്തിക്കുകയായിരുന്നു.

Also read: അച്ഛനിൽ നിന്നകറ്റാൻ മകനെ കൊന്ന് ബാഗിലാക്കി; 4 വയസുകാരനെ വകവരുത്തിയ അമ്മയുടെ മൊഴി പുറത്ത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top