ഭാര്യയെ മത്സരിപ്പിക്കാൻ ശ്രമിച്ചത് സിഎസ്ഐ ബിഷപ്പിന് കുരുക്കാകും; എല്ലാ മുന്നണികളെയും ശത്രുപക്ഷത്താക്കി; ധർമരാജ് റസാലത്തിന് ഇനിയൊന്നും പഴയതുപോലെ എളുപ്പമാകില്ല

കളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ) സഭയുടെ മുൻ മോഡറേറ്റർ ധർമ്മരാജ് റസാലം മൂന്ന് മുന്നണികളെയും ശത്രുപക്ഷത്താക്കി. റസാലത്തിൻ്റെ ഭാര്യ ഷേർലി തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയത് ഇന്നലെയാണ്. സൂക്ഷ്മപരിശോധനയിൽ ഇവരുടെ പത്രിക തള്ളിപ്പോയി.

മണ്ഡലത്തിലെ സിഎസ്ഐ വോട്ടുകളിൽ വിള്ളൽ വീഴ്ത്താനാണ് ഇഡി അന്വേഷണം നേരിടുന്ന ബിഷപ്പ് റസാലം ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ നീക്കം നടത്തിയെന്ന് യുഡിഎഫും എൽഡിഎഫും സംശയിക്കുന്നുണ്ട്. തിരുവനന്തപുരം മണ്ഡലത്തിൽ സിഎസ്ഐ സഭയ്ക്ക് ഗണ്യമായ സ്വാധീനമുണ്ട്. ഇത് മുതലാക്കാനാണ് ബിഷപ്പിൻ്റെ ഭാര്യയെ ബിജെപിയുടെ നിർദ്ദേശപ്രകാരം ഇറക്കിയത് എന്നാണ് മുന്നണികളുടെ നിഗമനം. സൂക്ഷ്മപരിശോധനയിൽ ഷേർലിയുടെ പത്രിക തള്ളിയത് ബിജെപിക്കും തിരിച്ചടിയായി. സഭാവിശ്വാസികളുടെ വോട്ടുകൾ ഭിന്നിപ്പിക്കാമെന്ന ബിജെപി മോഹം ഇതോടെ അസ്ഥാനത്തായി എന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ സെപ്റ്റംബറിൽ കോടതി വിധിയെത്തുടർന്ന് ബിഷപ്പ് ധർമ്മരാജ് റസാലം മോഡറേറ്റർ പദവി ഒഴിഞ്ഞു. എന്നാൽ സഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചുമതലക്കാരൻ എന്ന നിലയിൽ റസാലം ഇപ്പോഴും പാളയത്തെ സഭാ ആസ്ഥാനത്ത് തുടരുകയാണ്. ഇവിടെ തന്നെയാണ് ഔദ്യോഗിക വസതിയും.

കാരക്കോണം മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഇഡി ബിഷപ്പിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിയുമായുള്ള ഇടപാടുകൾ കണ്ടെത്തി സഭയുടെ കീഴിലുള്ള കാരക്കോണം സോമർവെൽ സ്മാരക മെഡിക്കൽ കോളേജ് മാനേജ്‌മെന്റിന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നോട്ടീസ് അയച്ചത്. 2017-18 സാമ്പത്തിക വർഷത്തിൽ കോളേജ് മാനേജ്‌മെന്റ് എക്സാലോജിക്കുമായി നടത്തിയ ബാങ്ക് ഇടപാടുകളുടെ രേഖകളാണ് എസ്എഫ്ഐഒക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാണ് മെഡിക്കൽ കോളേജിനോട് ആരാഞ്ഞത്. ഈ ഇടപാടിലും ബിഷപ്പ് റസാലത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

കാരക്കോണം മെഡിക്കൽ കോളജിലെ എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട് ബിഷപ്പ് റസാലത്തിനെതിരെ സംസ്ഥാന പോലീസ് റജിസ്റ്റർ ചെയ്ത നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്. അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് മിക്ക കേസുകളുടേയും അടിസ്ഥാനം. ഈ കേസുകളുടെ അന്വേഷണവും മേൽനടപടികളും ഇടത് സർക്കാരിനെ സ്വാധീനിച്ച് മരവിപ്പിച്ച് നിർത്തിയിരിക്കയാണ്. ജാമ്യമില്ലാക്കേസുകളിൽ പ്രതിയായിരുന്ന കാലത്ത് മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരത്തെ പൗരാവലി നൽകിയ സ്വീകരണ ചടങ്ങിൽ വെച്ച് ബിഷപ്പ് റസാലം മുഖ്യമന്ത്രിയെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യുന്ന ചിത്രങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

ഇതിനും പുറമെ 24 മെഡിക്കൽ വിദ്യാർത്ഥികൾക്ക് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ തിന് റിട്ട. ജഡ്ജി ആർ.രാജേന്ദ്രബാബു ചെയർമാനായ സംസ്ഥാന അഡ്മിഷൻ ആൻ്റ് സൂപ്പർവൈസറി കമ്മിറ്റി ഫോർ മെഡിക്കൽ എഡ്യൂക്കേഷൻ ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കേസെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും പിണറായി വിജയൻ്റെ സർക്കാർ ഒന്നും ചെയ്തില്ല. ഇങ്ങനെ അതാത് കാലത്തെ ഭരണക്കാരുമായി ചേർന്ന് കാര്യസാധ്യം നടത്തിയ ബിഷപ്പിൻ്റെ പുതിയ നീക്കം സിപിഎമ്മിനെയും കോൺഗ്രസിനെയും ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങളെ ബിഷപ്പ് പറഞ്ഞുപറ്റിച്ചു എന്ന തോന്നൽ ബിജെപിക്കുമുണ്ട്. വേണ്ടത്ര ജാഗ്രതയില്ലാതെ പത്രിക സമർപ്പിച്ചത് കൊണ്ടാണ് സൂക്ഷ്മപരിശോധനയിൽ തള്ളിപ്പോയത് എന്നാണ് ബിജെപി നേതൃത്വത്തിൻ്റെ നിഗമനം. മികച്ചൊരു അവസരം കളഞ്ഞുകുളിച്ച റസാലത്തിന് ഇനി കാര്യങ്ങൾ പഴയതുപോലെ എളുപ്പമാകില്ല.

See more: സഭയെ ഒറ്റുകൊടുത്ത ബിഷപ്പിനെ പുറത്താക്കുമെന്ന് CSI സെക്രട്ടറി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top