നേരിടുന്നത് കോടികളുടെ ആരോപണം; കള്ളപ്പണ ഇടപാടില്‍ ഇഡി കേസ്, മെഡിക്കല്‍ കോഴയില്‍ ക്രൈംബ്രാഞ്ച് കേസ്; സിഎസ്ഐ ബിഷപ്പിന് ആകെയുളളത് 1000 രൂപയെന്ന് ഭാര്യയുടെ സത്യവാങ്മൂലം
തിരുവനന്തപുരം : ഭാര്യയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറക്കാന്‍ ശ്രമിച്ച സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്റെ സ്വത്ത് വിവരങ്ങള്‍ ഞെട്ടിക്കുന്നത്. കോടികളുടെ ആരോപണം നേരിട്ടുന്ന ബിഷപ്പിന് ആകെ ആയിരം രൂപ മാത്രമാണ് കൈയ്യിലുള്ളതെന്നാണ് നോമിനേഷനൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭാര്യ ഷെര്‍ലി റസാലം പറഞ്ഞിരിക്കുന്നത്. സ്വന്തമായി ഭൂമിയോ വീടോ ബിഷപ്പിനില്ല. സ്വന്തമായി ഒരു കാര്‍ പോലുമില്ല. ഭാര്യയുടെ ശമ്പളം മാത്രമാണ് ആകെയുളള വരുമാനമായി കാണിച്ചിരിക്കുന്നത്.
ഷേര്‍ലി റസാലത്തിന്റെ കൈവശം 7000 രൂപയും 28 ഗ്രാം സ്വര്‍ണ്ണവുമുണ്ട്. ബിഷപ്പിന് സ്വര്‍ണ്ണാഭരണങ്ങളൊന്നുമില്ല. ഭാര്യയുടെ പേരില്‍ കളകംപള്ളിയില്‍ 4.05 ആര്‍ ഭൂമിയുണ്ട്. ഇതിന് പത്ത് ലക്ഷം രൂപയാണ് മതിപ്പുവിലയായി കാണിച്ചിരിക്കുന്നത്. ഈ ഭൂമി 2021ല്‍ വാങ്ങിയതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തമായി വീടില്ലെന്ന് പറയുന്ന സത്യവാങ്മൂലത്തില്‍ 12 ലക്ഷം ഭവന വായ്പ എടുത്തതായി ബാധ്യത കാണിച്ചിട്ടുണ്ട്.
ധര്‍മ്മരാജ് റസാലത്തിന്റെ വരുമാന സ്രോതസ്സായി ‘മതപരമായ’ എന്നാണ് കാണിച്ചിരിക്കുന്നത്. പ്രത്യേക വരുമാനം ഒന്നും കാണിച്ചിട്ടില്ലെങ്കിലും 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ 15 ലക്ഷം രൂപ ആദായ നികുതി റിട്ടേണില്‍ കാണിച്ചു എന്നും പറയുന്നു. വരുമാനമുള്ള ഭാര്യയുടെ നികുതി റിട്ടേണ്‍ അറ് ലക്ഷം മാത്രമാണ്.
കള്ളപ്പണം വെളുപ്പിച്ചതടക്കം കോടികളുടെ ആരോപണങ്ങളാണ് ധര്‍മ്മരാജ് റസാലത്തിനെതിരെയുളളത്. ഇവ ഇഡി, ക്രൈബ്രാഞ്ച് തുടങ്ങി നിരവധി ഏജന്‍സികള്‍ അന്വേഷിക്കുകയാണ്. സിഎസ്ഐ സഭാ ആസ്ഥാനത്ത് 13 മണിക്കൂറോളം ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം ഒരു രേഖകളും ഇഡി പിടിച്ചെടുത്തിട്ടില്ലെന്നും ഒന്നും ഒളിക്കാനില്ലെന്നും പ്രഖ്യാപിച്ച് സഭാ സമ്മേളനത്തിനായി യു.കെയിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടിലേക്കെത്തിയ റസാലത്തെ ഇഡി തടഞ്ഞിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തിലായിരുന്നു ഈ തടയല്‍. ഇതുകൂടാതെ റസാലം പ്രതിയായ മെഡിക്കല്‍ കോഴ കേസുമായി ബന്ധപ്പെട്ട് കാരക്കോണം മെഡിക്കല്‍ കോളേജിന്റെ അക്കൗണ്ടിലുള്ള 95 ലക്ഷം രൂപ ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. മെഡിക്കല്‍ സീറ്റ് അഴിമതിയില്‍ ഡോ. ബെനറ്റ് ഏബ്രഹാം, ധര്‍മ്മരാജ് റസാലം എന്നിവര്‍ ചേര്‍ന്ന് 95 ലക്ഷം രൂപയുടെ കമ്മീഷന്‍ പറ്റിയെന്നാരോപിച്ചായിരുന്നു ഇഡിയുടെ നടപടി.
കാരക്കോണം മെഡിക്കല്‍ കോളജിലെ എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട് റസാലത്തിനെതിരെ സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത നിരവധി ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പ് നടത്തിയെന്നാണ് മിക്ക കേസുകളുടേയും അടിസ്ഥാനം. ഇവയിപ്പോള്‍ ക്രൈബ്രാഞ്ച് അന്വേഷണത്തിലാണ്. ഇതിനും പുറമെ 24 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് റിട്ട. ജഡ്ജി ആര്‍.രാജേന്ദ്രബാബു ചെയര്‍മാനായ സംസ്ഥാന അഡ്മിഷന്‍ ആന്റ് സൂപ്പര്‍വൈസറി കമ്മിറ്റി ഫോര്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി പണമിടപാട് നടത്തിയെന്ന കണ്ടെത്തലും പുറത്തുവന്നു.
കോടികളുടെ അഴിമതിയുടേയും കള്ളപ്പണത്തിന്റെയും ആരോപണങ്ങളുടെ നിഴലിലുളള ഒരാളുടെ സ്വത്ത് വിവരം ഞെട്ടിക്കുന്ന തരത്തിലാണ് പുറത്തു വന്നത്. ഷേര്‍ലി റസാലത്തിന്റെ പത്രിക തള്ളി പോയതു കൊണ്ട് സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ചോദ്യം ചെയ്യപെടില്ല. മറിച്ചായിരുന്നുവെങ്കില്‍ ഇതിലെ വിവരങ്ങള്‍ക്ക് വിശദീകരണം നല്‍കി ധര്‍മ്മരാജ് റസാലം കുഴങ്ങിയേനെ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here