‘കോൺഗ്രസിന് പണി’; സിഎസ്ഐ മുൻ ബിഷപ്പിൻ്റെ ഭാര്യ മത്സരരംഗത്തേക്ക്; നാടകീയനീക്കം ധർമരാജ് റസാലത്തിനെതിരെ ഇഡി അന്വേഷണക്കുരുക്ക് മുറുകുന്നതിനിടെ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാടകീയ നീക്കവുമായി സിഎസ്ഐ സഭ. സിഎസ്ഐ മുൻ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്റെ ഭാര്യ ഷെർളി റസാലം തിരുവനന്തപുരം മണ്ഡലത്തിൽ മത്സരത്തിനിറങ്ങുന്നു. കളക്ടറുടെ മുമ്പാകെ ഇന്ന് പത്രിക സമർപ്പിച്ചു. തിരുവനന്തപുരത്ത് നിർണായക വോട്ട് ബാങ്ക് സിഎസ്ഐ സഭക്കുണ്ട്. അതുകൊണ്ട് തന്നെ ഈ നീക്കത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. സാധാരണഗതിയില്‍ സിഎസ്ഐ വോട്ടുകൾ കോണ്‍ഗ്രസിനാണ് കിട്ടാറുള്ളത്. സഭയിലെ പ്രമുഖൻ്റെ ഭാര്യ തന്നെ മത്സരരംഗത്ത് ഇറങ്ങുന്നത് കോൺഗ്രസിന് വൻ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

മൂന്നുമാസങ്ങള്‍ക്ക് മുന്‍പാണ് ധര്‍മ്മരാജ റസാലം ബിഷപ്പ് പദവി ഒഴിഞ്ഞത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ റസാലത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തത് സഭക്കുള്ളിലും വലിയ വിവാദമായിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നുവെന്ന സംശയത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് അടക്കം നാടകീയ സംഭവങ്ങൾ പലതും സഭയെ ചുറ്റിപ്പറ്റി ഉണ്ടായി. ഈ കേസിൽ ഇഡിയും ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ അന്വേഷണ നടപടികള്‍ തുടരുകയുമാണ്. കേന്ദ്ര ഇടപെടലുകളുടെ കുരുക്ക് ഇങ്ങനെ മുറുകുമ്പോഴാണ് റസാലത്തിന്റെ ഭാര്യ ഷെര്‍ലി റസാലം മത്സരരംഗത്തിറങ്ങുന്നത്.

അതിശക്തമായ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. കോണ്‍ഗ്രസിനായി ശശി തരൂരും ഇടതു സ്ഥാനാര്‍ത്ഥിയായി പന്ന്യന്‍ രവീന്ദ്രനും മത്സരിക്കുമ്പോൾ, ബിജെപിക്കായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് രംഗത്തുള്ളത്. ഇതിനിടയിലേക്കാണ് റസാലത്തിന്റെ ഭാര്യ മത്സരത്തിന് ഇറങ്ങുന്നത്. ഷെര്‍ലി റസാലം പിടിക്കുന്ന ഓരോ വോട്ടും അതുകൊണ്ട് തന്നെ നിര്‍ണ്ണായകമാണ്. നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം മേഖലകളില്‍ സിഎസ്ഐക്ക് നിർണായക സ്വാധീനമുണ്ട്. ബിഷപ്പ് പദവി ഒഴിഞ്ഞെങ്കിലും ധര്‍മ്മരാജ് റസാലത്തിന് സഭയ്ക്കുള്ളില്‍ നല്ല സ്വാധീനമുണ്ട്. ഇതെല്ലാം പരിണിച്ചാൽ ഭാര്യയുടെ സ്ഥാനാർത്ഥിത്വം റസാലത്തിനും നിർണായകമാണ്.

സ്ഥാനാർത്ഥിത്വം സിഎസ്ഐ സഭക്കുള്ളിൽ ചർച്ചയാകും. നിലവിലെ സഭാ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ഡോ.ടി.ടി.പ്രവീണ്‍ റസാലത്തിന്റെ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ നല്‍കിയിട്ടില്ല. റലാസത്തിന് എതിർപക്ഷത്ത് നിൽക്കുന്ന സിഎസ്ഐ മുന്‍ സെക്രട്ടറി ഡോ.റോസ്ബിസ്റ്റിന്റെ പിന്തുണ ആര്‍ക്കെന്നതും വ്യക്തമായിട്ടില്ല. നാളെ (വെള്ളി) സിഎസ്ഐ സംഘടിപ്പിക്കുന്ന വികാരിമാരുടെ യോഗത്തില്‍ എല്ലാ സ്ഥാനാര്‍ത്ഥിളെയും ക്ഷണിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top