ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന് കുരുക്ക് മുറുകുന്നു; കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്‌ഐ ) സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിനെതിരെ വീണ്ടും കുരുക്കു മുറുകുന്നു. സഭയുടെ കീഴിലുള്ള കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശനത്തിന് തലവരി പണം വാങ്ങിയ കേസില്‍ തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് വീണ്ടും സജീവമാകുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിസ്ഥാനത്ത് വരുന്ന ആദ്യ സഭാ മേലധ്യക്ഷനാണ് ധര്‍മ്മരാജ് റസാലം. ഇതിന് ശേഷം സീറോ മലബാര്‍ സഭാ തലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഇഡി കേസില്‍ പ്രതിയായി.
2022ല്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയായിരുന്നു. സീറോ മലബാര്‍ സഭ ഭൂമി കച്ചവടത്തില്‍ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് ഇഡി ആലഞ്ചേരിക്കെതിരെ കേസെടുത്തത്. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നതായും ഇഡി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ബിരുദ, പിജി മെഡിക്കല്‍ കോഴ്‌സിന് പ്രവേശനം വാഗ്ദാനം ചെയ്ത് 28 വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നായി ഏഴ് കോടിയിലധികം രൂപ വാങ്ങിയെന്നാണ് കേസ്. കുട്ടികളില്‍ നിന്ന് വാങ്ങിയ പണം ചിലര്‍ക്ക് തിരിച്ചു നല്‍കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികളുടെ മാതാപിതാക്കളായ ആറുപേര്‍ക്കാണ് 89.75 ലക്ഷം രൂപ ഇഡി ഈ വര്‍ഷം ജനുവരി മാസത്തില്‍ കൈമാറിയത്. 95.25 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്.11 എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. എംബിബിഎസ് സീറ്റിന് പണം നല്‍കിയ ആറ് പേര്‍ക്ക് ഡിമാണ്ട് ഡ്രാഫ്റ്റായി തിരിച്ചു നല്‍കി.
താന്‍ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു റസാലത്തിന്റെ വാദം. എന്നാല്‍ ഹൈക്കോടതി ഇത് അംഗീകരിച്ചില്ല. ജസ്റ്റിസ് വി ജി അരുണാണ് ബിഷപ്പ് റസാലത്തിന്റെ ഹര്‍ജി തള്ളിയത്. വിശദമായ ഉത്തരവ് ഉടനുണ്ടാവും. സിഎസ്ഐ സഭാ മുന്‍ അധ്യക്ഷന്‍ ധര്‍മരാജ് റസാലം, ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവരടക്കം നാലുപേരാണ് പ്രതികള്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here