വീണാ വിജയന് മാസപ്പടി നല്‍കിയ കാരക്കോണം മെഡിക്കല്‍ കോളജിന് എസ്എഫ്ഐഒ നോട്ടീസ്; ഇടപാടിന്റെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസിന് മാസപ്പടി നല്‍കിയ സിഎസ്ഐ സഭയുടെ കാരക്കോണം മെഡിക്കല്‍ കോളജും കുരുക്കില്‍. എക്സാലോജിക്കിന് പണം കൈമാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കാരക്കോണം സോമർവെൽ സ്മാരക സിഎസ്ഐ മെഡിക്കൽ കോളേജ് മാനേജ്‌മെന്റിന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നോട്ടീസ് അയച്ചു. ഈ മാസം ഏഴിനാണ് നോട്ടീസ് അയച്ചത്.
മാര്‍ച്ച് 15ന് മുന്‍പ് രേഖകള്‍ ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ എക്സാലോജിക് സൊല്യൂഷൻസുമായി നടത്തിയ ഇടപാടിന്റെ രീതി, കാരക്കോണം മെഡിക്കൽ കോളേജ് ഉണ്ടാക്കിയ ഉടമ്പടിയുടെ പകർപ്പ്, വർക്ക് ഓർഡറിന്റെയും അനുബന്ധരേഖകൾ അടക്കമുള്ള ഇൻവോയിസുകളുടെയും പകർപ്പുകൾ എന്നിവ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കോളജിന്റെ അന്നത്തെ അഡ്മിനിസ്ട്രെറ്റര്‍ പി.തങ്കരാജിനാണ് നോട്ടീസ് നല്‍കിയത്.
2013-ലെ കമ്പനീസ് ആക്റ്റ് സെക്ഷന്‍ 217(2) പ്രകാരമാണ് നോട്ടീസ് നല്‍കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ കൊച്ചി ആസ്ഥാനമായ സിഎംആര്‍എലുമായി നടത്തിയ ഇടപാടിനെക്കുറിച്ച് എസ്എഫ്ഐഒ അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് വീണ വിജയന്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തടയാന്‍ കോടതി തയ്യാറായില്ല. സിഎംആര്‍എല്‍ ഉള്‍പ്പെടെ പത്തോളം കമ്പനികളുമായി എക്സാലോജിക്കിന് ഇടപാടുകള്‍ ഉണ്ടെന്നും എസ്എഫ്ഐഒ കണ്ടെത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here