മുന്നണികളെ ഞെട്ടിക്കാൻ CSI സഭ; 14 നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പ്രഖ്യാപനം; ‘സംവരണത്തിൽ രാഷ്ട്രീയ വഞ്ചന സഹിക്കാനാകില്ല’
തെക്കന്‍ കേരളത്തിലെ നിര്‍ണായക സമുദായശക്തിയായ സിഎസ്‌ഐ നാടാര്‍ വിഭാഗമാണ് ഇരുമുന്നണികളെയും വിറപ്പിക്കുന്ന രാഷ്ട്രിയനീക്കം പ്രഖ്യാപിക്കുന്നത്. അതും പൊതു തിരഞ്ഞെടുപ്പ് പടിക്കലെത്തിനില്‍ക്കെ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ 14 സീറ്റിലും സ്ഥാനാര്‍ത്ഥികളെ അണിനിരത്തും എന്നാണ് സഭാ അഡ്മിനിസ്‌ട്രേറ്റിവ് സെക്രട്ടറി ഡോ.ടി.ടി പ്രവീണ്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. വിലപേശലെന്നോ സമ്മര്‍ദ്ദമെന്നോ പറയാനിട വരാതിരിക്കാനാണ് ഇപ്പോഴേ പ്രഖ്യാപിക്കുന്നത് എന്നും വിശദീകരണം.
തിരുവനന്തപുരം ജില്ലയില്‍ എട്ടര ലക്ഷത്തോളം അംഗങ്ങളുണ്ട്. എന്നിട്ടും അവഗണനയാണ് ഫലം. വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള സംവരണം പല കാരണം കൊണ്ടും നഷ്ടപ്പെടുകയാണ്. ഇനിയും ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ല എന്നാണ് നിലപാട്.
തിരഞ്ഞെടുപ്പ് കാലത്ത് വോട്ട്‌ലാക്കാക്കിയുള്ള പ്രഖ്യാപനങ്ങളല്ലാതെ സമുദായത്തിന് ഗുണമുള്ള ഒന്നും രാഷ്ട്രീയത്തില്‍ നിന്നും ഉണ്ടാകുന്നില്ല. ഇനിയിങ്ങനെ പോകാന്‍ കഴിയില്ല. വരുന്ന തലമുറയ്ക്ക് വേണ്ടി നിര്‍ണ്ണായക തീരുമാനം എടുക്കേണ്ടി വരുന്നു എന്നാണ് വിശദീകരണം.
ബിഷപ്പ് ധര്‍മരാജ് റസാലം മോഡറേറ്റര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച് കഴിഞ്ഞു. ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നടത്തിയ ശ്രമം സഭയുടെ അറിവോടെയല്ലെന്ന് പ്രവീണ്‍ തള്ളിപ്പറഞ്ഞു. തല്‍ക്കാലംസമദൂര നിലപാടാണ് സഭക്കുള്ളത്. അംഗങ്ങള്‍ക്ക് ഇഷ്ടാനുസരണം വോട്ട് ചെയ്യാം. എന്നാല്‍ നിയമസഭയില്‍ കൃത്യം രാഷ്ട്രീയ നിലപാട് വിശ്വാസികളെ അറിയിക്കും.