മാന്ത്രികവടി ചുഴറ്റിയാല്‍ കിട്ടുന്നതാണോ സിഎസ്ആര്‍ ഫണ്ട്; ചുമ്മാതൊരു തട്ടിക്കൂട്ട് സംഘടന ഉണ്ടാക്കിയാല്‍ കമ്പനികള്‍ കാശു കൊടുക്കുമോ?
![](https://www.madhyamasyndicate.com/wp-content/uploads/2025/02/csr-fund.jpg)
സിഎസ്ആര്‍ ഫണ്ടിന്റെ മറവില്‍ പകുതി വിലയ്ക്ക് സ്‌കൂട്ടറും മറ്റും വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവം കേരളത്തെയാകെ പിടിച്ചു കുലുക്കുകയാണ്. ഈ മഹാകുംഭകോണത്തിന് പിന്നില്‍ കേവലം 26 വയസു മാത്രമുള്ള അനന്തു കൃഷ്ണനെന്ന ചെറുപ്പക്കാരനും, പിന്നെ പൊതുമണ്ഡലത്തില്‍ എല്ലാ രാഷ്ട്രീയ നേതാക്കളോടും അടുത്ത ബന്ധം പുലര്‍ത്തുന്ന സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെഎന്‍ ആനന്ദ് കുമാറുമാണ് എന്നാണ് പോലീസ് പറയുന്നത്. എന്താണീ സിഎസ്ആര്‍ ഫണ്ടെന്ന അക്ഷയഖനി ? വെറുതെ വാരിക്കോരി കിട്ടുന്ന ഒന്നാണോ ഈ ഫണ്ട്? എന്തിന് വേണ്ടിയാണി സിഎസ്ആര്‍ ഫണ്ട് ? എങ്ങനെ കിട്ടും?
സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പാതി വിലയ്ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും കിട്ടുമെന്നു പറഞ്ഞാണ് കേരളമാകെ അനന്തു കൃഷ്ണനും കൂട്ടാളികളും ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്. മലയാളികളുടെ ജന്മസിദ്ധമായ ആര്‍ത്തിയും ആക്രാന്തവും, പെട്ടെന്ന് പണക്കാരനാകാനുള്ള വെപ്രാളവുമാണ് ഇത്തരം ഊരാകുടുക്കുകളില്‍ പോയി തലവെക്കുന്നതിന് പ്രധാന കാരണം. സിഎസ്ആര്‍ ഫണ്ട് കിട്ടുന്നതിനുള്ള മാനദണ്ഡങ്ങള്‍, ഏതൊക്കെ കമ്പനികളാണ് ഈ ഫണ്ട് കൊടുക്കുന്നത്, കിട്ടുന്നതിനുള്ള നിയമപരമായ കാര്യങ്ങള്‍ എന്തൊക്കെയാണ് ?
എന്താണീ സിഎസ്ആര്‍ ഫണ്ട് ?
![](https://www.madhyamasyndicate.com/wp-content/uploads/2025/02/WhatsApp-Image-2025-02-11-at-6.36.32-AM.jpeg)
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് (Corporate Social Responsibiltiy) അഥവാ സിഎസ്ആര്‍ ഫണ്ട് എന്നാല്‍, ഓരോ സാമ്പത്തിക വര്‍ഷത്തിലും കമ്പനികളുടെ ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്ന തുകയാണ്. ഇന്ത്യയില്‍, 2013 ലെ കമ്പനി നിയമത്തിലെ (Companies Act, 2013) സെക്ഷന്‍ 135 പ്രകാരം കമ്പനികള്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതിനായി ഫണ്ട് നീക്കിവെക്കുകയും ചെയ്യേണ്ടത് നിയമപരമായ ബാധ്യതയാണ്. ലാഭവിഹിതത്തില്‍ നിന്ന് മിനിമം രണ്ട് ശതമാനമെങ്കിലും സിഎസ്ആര്‍ ഫണ്ട് ഇനത്തില്‍ നീക്കി വെക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്.
2024 നവംബര്‍ 25 ന് ലോക്‌സഭയില്‍ സിഎസ്ആര്‍ ഫണ്ട് വിനിയോഗം സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായി കമ്പനി കാര്യ സഹമന്ത്രി ഹര്‍ഷ മല്‍ഹോത്ര പറഞ്ഞ മറുപടി ഇങ്ങനെയാണ്: 2020 – 21, 2021- 22, 2022- 23 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ സിഎസ്ആര്‍ ഫണ്ടിനത്തിൽ 26,210.95 കോടി, 26,616.30 കോടി, 29,982.02 കോടി രുപ വീതം ചെലവഴിച്ചു എന്നാണ്. കേരളത്തില്‍ 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ 351 കോടി രൂപ സി എസ് ആര്‍ ഫണ്ടിനത്തില്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സിഎസ്ആര്‍ ഫണ്ട് ഏതൊക്കെ കമ്പനികള്‍ രൂപീകരിക്കണം
കമ്പനി നിയമപ്രകാരം താഴെ പറയുന്ന മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്ന് പാലിക്കുന്ന കമ്പനികള്‍ സിഎസ്ആര്‍ ഫണ്ട് രൂപീകരിക്കണം.
- ആസ്തിമൂല്യം (Net worth) 500 കോടി രൂപയോ അതില്‍ കൂടുതലോ ഉള്ള കമ്പനികള്‍.
- വിറ്റുവരവ് (Turnover) 1000 കോടി രൂപയോ അതില്‍ കൂടുതലോ വരുന്ന കമ്പനികള്‍.
- അറ്റാദായം (Net profit) അഞ്ചു കോടി രൂപയോ അതില്‍ കൂടുതലോ ഉള്ള കമ്പനികള്‍ കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ ശരാശരി അറ്റാദായത്തിന്റെ രണ്ട് ശതമാനം (2%) സിഎസ്ആര്‍ ഫണ്ട് പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കണം.
വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം, ഗ്രാമീണ വികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കല സാംസ്‌കാരികം, മാലിന്യ സംസ്‌കരണം, കായികം, സ്റ്റാര്‍ട്ടപ്പ് തുടങ്ങി വിവിധ മേഖലകളില്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഫണ്ട് വിനിയോഗിക്കാറുണ്ട്. നിയമപ്രകാരം സിഎസ്ആര്‍ ഫണ്ട് എവിടെ ചെലവഴിക്കണമെന്നുള്ളത് കമ്പനിക്ക് തീരുമാനിക്കാം.
സിഎസ്ആറും കിഴക്കമ്പലവും
എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കിറ്റക്‌സ് കമ്പനി അവരുടെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. ഫണ്ട് വിനിയോഗത്തിനായി 20 ട്വന്റി എന്നൊരു സാമൂഹ്യ സംഘടന രൂപീകരിച്ചാണ് കമ്പനി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 20 ട്വന്റി പിന്നിട് രാഷ്ട്രീയ പാര്‍ട്ടിയായി മാറി. മൂന്ന് പഞ്ചായത്തുകള്‍ ഇന്ന് 20 ട്വന്റി ഭരിക്കുന്നുണ്ട്. അസൂയാവഹമായ തരത്തിലുള്ള സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഈ പഞ്ചായത്തുകളില്‍ നടക്കുന്നുണ്ട്.
![](https://www.madhyamasyndicate.com/wp-content/uploads/2025/02/image-9.png)
2022- 23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സിഎസ്ആര്‍ ഫണ്ട് ചെലവഴിച്ചത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിഎസ്ആറുമായി ബന്ധപ്പെട്ട ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ(Burgundy Private Hurun India) തയാറാക്കിയ 500 കമ്പനികളുടെ ലിസ്റ്റിലാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ് ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ കമ്പനികളാണ് സിഎസ്ആറുമായി ബന്ധപ്പെട്ട ലിസ്റ്റില്‍ റിലയന്‍സിന് പിന്നില്‍ ഇടംപിടിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 813 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 736 കോടി, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് 727 കോടി, ടാറ്റ സ്റ്റീല്‍ 406 കോടി, ഐടിസി 355 കോടി എന്നിങ്ങനെയാണ് കമ്പനികള്‍ ചെലവഴിച്ച സിഎസ്ആര്‍ ഫണ്ട്.
എന്‍ജിഒകള്‍ക്ക് പ്രധാന പങ്ക്
സര്‍ക്കാരിതര സംഘടനകള്‍ (Non-Governmental Organizations – NGOs): എന്‍ജിഒകള്‍ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. പല കമ്പനികളും എന്‍ജിഒകളുമായി സഹകരിച്ചാണ് ഇത് വിനിയോഗിക്കുന്നത്. എന്‍ജിഒകള്‍ക്ക് പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുഭവപരിചയവും, സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവും ഉണ്ടായിരിക്കും. ഇത് പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ സഹായിക്കുന്നു. ഈ സാധ്യതകളാണ് തട്ടിക്കൂട്ട് എന്‍ജിഒ ഉണ്ടാക്കി കാശടിച്ചു മാറ്റാന്‍ അനന്തു കൃഷ്ണനും ആനന്ദ കുമാറും ആയുധമാക്കിയത്.
സിഎസ്ആര്‍ ഫണ്ട് ലഭിക്കണമെങ്കില്‍ സംഘടനകളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മൂന്നുവര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്, പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവയാണ് ആവശ്യമുള്ളത്. ഇത് ഹാജരാക്കിയ ശേഷം കമ്പനികള്‍ക്ക് എന്‍ജിഒകളെക്കുറിച്ച് വിശ്വാസമുണ്ടെങ്കില്‍ മാത്രമേ പണം അനുവദിക്കയുള്ളു. അനന്തു കൃഷ്ണനും കൂട്ടര്‍ക്കും എങ്ങുനിന്നും ഫണ്ട് ലഭിച്ചില്ലെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here