‘മദ്യ’ത്തിൽ സഹകരിക്കാമെന്ന് ക്യൂബ; ചർച്ചയുടെ മിനുട്സ് മാധ്യമ സിൻഡിക്കറ്റിന്

വിപ്ലവ വീര്യമുളള മണ്ണാണ് ക്യൂബയുടെത്. ചെ മുതൽ ഫിദൽ വരെയുള്ളവരുടെ കഥകൾ ശരാശരി മലയാളിയുടെ മനസിൽ ചെറുപ്പത്തിലേ പതിയുന്നതാണ്. കമ്യൂണിസ്റ്റ് അനുഭാവമുള്ള യുവതലമുറയ്ക്ക് പലപ്പോഴും അവർ വീരനായകരുമാണ്.

ആ നാട്ടിൽ നിന്നുള്ള മറ്റൊരു ലഹരിയേക്കുറിച്ച് ആണ് പറഞ്ഞു വരുന്നത്. ക്യൂബൻ റം ലോകപ്രശസ്തമാണ്. റഷ്യൻ വോഡ്ക പോലെ വരില്ലെങ്കിലും പല രാജ്യത്തും നല്ല ഡിമാൻഡ് ഉണ്ട് ക്യൂബയിൽ നിന്നുള്ള റമ്മിന്. Havana club, Santiago, Cubay, Legendario തുടങ്ങിയവ മദ്യാസ്വാദകർക്കിടയിൽ പ്രസിദ്ധമാണ്. മറ്റു വലിയ വ്യവസായങ്ങൾ ഇല്ലെങ്കിലും ഇക്കാര്യത്തിൽ വ്യവസായ സാധ്യത തിരിച്ചറിഞ്ഞ് ഉള്ള ചില ശ്രമങ്ങൾ ക്യൂബയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്.

അതിൻ്റെ ഭാഗമാകണം നമ്മുടെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ക്യൂബൻ അംബാസിഡർ മുന്നോട്ടുവച്ച ആശയം. റം ഉത്പാദിപ്പിക്കാൻ സംയുക്ത സംരംഭം തുടങ്ങാൻ താൽപര്യം ഉണ്ടെന്നാണ് അംബാസിഡർ അലക്സാന്ദ്രോ സിമാങ്കാസ് മാരീൻ രേഖാമൂലം അറിയിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ നിലപാട് വ്യക്തമായിട്ടില്ല. കാര്യമായ ചർച്ചകൾ ഇതിൽ നടന്നില്ല എന്നാണ് വിവരം. അജണ്ടയിൽ ഏറ്റവും ഒടുവിലെ ഇനമായാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നത്. ഈ രേഖയാണ് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 29ന് ഡൽഹിയിൽ ആയിരുന്നു ക്യൂബൻ സംഘം മുഖ്യമന്ത്രിയെ കണ്ടത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വ്യവസായ മന്ത്രി പി രാജീവ്, സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി വി പി ജോയ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

പതിനഞ്ചോളം ഡിസ്റ്റില്ലറികളിൽ നിന്നായി അറുപതോളം ബ്രാൻഡ് റം ക്യൂബ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ വ്യക്തമായ ഒരു മദ്യനയം ഇല്ലാത്ത രാജ്യവുമാണ് ക്യൂബ. കയറ്റുമതിക്ക് പുറമേ ലോകത്തെ പല കമ്പനികളുമായി ചേർന്ന് സംയുക്ത സംരംഭമായും ക്യൂബൻ റം ഉത്പാദിപ്പിക്കുന്നുണ്ട്. അത്തരത്തിൽ സഹകരണത്തിൻ്റെ ഒരു വാതിൽ കൂടി തുറന്നു കിട്ടുമോ എന്നാകും ക്യൂബ നോക്കുന്നത്.

കേരളത്തിൻ്റെ സ്വന്തം ജവാനും ബക്കാർഡിയുമൊക്കെ നിരന്നിരിക്കുന്ന റാക്കുകളിൽ ഇനി ക്യൂബക്കാരെയും കണ്ടാൽ അതിശയിക്കാനില്ല. മദ്യപാനം പാടില്ലെന്നാണ് കേരളത്തിലെ കമ്യൂണിസ്റ്റ് നേതൃത്വം അണികളോട് പൊതുവിൽ പറയാറുള്ളത് എങ്കിലും ക്യൂബയിലെ കമ്യൂണിസ്റ്റ് വിപ്ലവകാരികൾക്ക് ലഹരിയോട് ഒരു വിപ്രതിപത്തിയും ഉണ്ടായിരുന്നില്ല എന്നത് രഹസ്യമല്ല.

Logo
X
Top