വില്ലത്തിയെന്ന് സഹതടവുകാരുടെ പരാതി; പാറശ്ശാല കൊലക്കേസ് പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ സഹതടവുകാരുടെ പരാതിയെ തുടർന്നാണ് മാവേലിക്കര പ്രത്യേക ജയിലിലേക്ക് മാറ്റിയത്. മറ്റൊരു പ്രതിയെയും ജയിൽ മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കാമുകനായ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ പളുകലിലുള്ള സ്വന്തം വീട്ടിൽ വച്ചാണ് ഒക്ടോബർ 14ന് ഗ്രീഷ്മ വിഷം നൽകിയത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാരോൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും 25-ാം തീയതി മരിച്ചു. സ്വാഭാവിക മരണമെന്നായിരുന്നു ആദ്യം പാറശ്ശാല പോലീസിന്റെ നിഗമനം. ഷാരോണിന്റെ മരണമൊഴിയിൽ പോലും ഗ്രീഷ്മയെ സംശയമില്ലെന്നാണ് പറഞ്ഞത്. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഷാരോൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും ഇരുവരും തമ്മിൽ ഫോണിലൂടെ സംസാരിക്കുന്നുണ്ടായിരുന്നു. വയറു വേദനക്കുള്ള കഷായമാണ് തന്നതെന്നാണ് ഗ്രീഷ്മ അപ്പോഴും ഷാരോണിനോടും ബന്ധുക്കളോടും പറഞ്ഞത്. മറ്റൊരാളെ വിവാഹം കഴിക്കുന്നതിനായി ഷാരോണിനെ ഒഴിവാക്കാനാണ് പ്രതി കൃത്യം ചെയ്തത്. മുൻപും പലപ്രാവശ്യം ജ്യൂസിലും മറ്റും വിഷം കലർത്തി നൽകിയിട്ടുണ്ടെന്നും ഗ്രീഷ്മ പോലീസിനോട് സമ്മതിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here