സൗമ്യ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം; വിധി 15 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ
ഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് സിംഗ്, അജയ് കുമാര്‍ എന്നിവര്‍ക്കാണ് ഡല്‍ഹി സാകേത് അഡിഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 15 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിധി.
പ്രതികള്‍ 125000 രൂപ പിഴയായും അടയ്ക്കണം. അഞ്ചാം പ്രതിയായ അജയ് സേത്തിക്ക് മൂന്ന് വര്‍ഷം തടവും ഏഴ് ലക്ഷം രൂപ പിഴയും വിധിച്ചു. 2008 സെപ്റ്റംബര്‍ 30നാണ് ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ഹെഡ്‌ലൈന്‍സ് ടുഡേ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു സൗമ്യ വെടിയേറ്റ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൗമ്യയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഷണ ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടതാണെന്ന് പോലീസ് കണ്ടെത്തി. പ്രതികളില്‍ ചിലര്‍ നടത്തിയ മറ്റൊരു കൊലയില്‍ നിന്നാണ് സൗമ്യയുടെ കൊലപാതകത്തിന്റെ തുമ്പ് ലഭിച്ചത്.
ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന സൗമ്യ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വസന്ത് കുഞ്ചിലെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ വഴില്‍വച്ച് മോഷ്ടാക്കള്‍ തടഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് വെടിയേറ്റത്. പ്രാഥമിക റിപ്പോര്‍ട്ടില്‍ അപകട മരണമാണെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും പിന്നീട് തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തി. മറ്റ് പുരോഗതി ഇല്ലാതിരുന്ന കേസിന് വഴിത്തിരിവായത് 2009ല്‍ നടന്ന മറ്റൊരു കൊലപാതകമാണ്. മാര്‍ച്ചില്‍ നടന്ന കാള്‍ സെന്റര്‍ എക്‌സിക്യൂട്ടീവിന്റെ കൊലപാതകത്തില്‍ മെറൂണ്‍ നിറത്തിലുള്ള കാറിന്റെ സാന്നിധ്യം കണ്ടെത്തി. ഇതേ കാര്‍ സൗമ്യയുടെ മരണം നടന്ന സ്ഥലത്തും കണ്ടതായി സിസിടിവി ദൃശ്യങ്ങളിലൂടെ സ്ഥിരീകരിച്ചു.
ആ വര്‍ഷം തന്നെ പ്രതികള്‍ അറസ്റ്റിലായെങ്കിലും വിചാരണ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ എടുത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18നാണ്
പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. പ്രതികള്‍ക്ക് ജീവപര്യന്തം കിട്ടണമെന്നാണ് ആഗ്രഹമെന്ന് സൗമ്യയുടെ മാതാപിതാക്കള്‍ നേരത്തെ പ്രതികരിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here