പ്രതിഷേധത്തിന് തത്ക്കാലം ഫീസില്ല; ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങൾക്കും ഘോഷയാത്രകള്‍ക്കും അനുമതി നൽകാൻ ഫീസ് ഈടാക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു. പ്രകടനങ്ങൾക്ക് അനുമതി ലഭിക്കാനും പോലീസ് അകമ്പടിക്കുമായി 10,00 മുതൽ 10,000 രൂപ വരെ ഫീസ് ഒടോബർ 1 മുതൽ ഈടാക്കാനായിരുന്നു ആഭ്യന്തരവകുപ്പ് കഴിഞ്ഞ മാസം ഉത്തരവ് പുറത്തിറക്കിയത്. ഇതിനെതിരെ ഹൈക്കോടതിയിലുള്ള ഹർജികള്‍ തീർപ്പാകുന്നതുവരെ ഫീസ് ഈടാക്കേണ്ടെന്നാണ് ഡിജിപിയുടെ നിർദേശം. ജില്ലാ പോലീസ് മേധാവിമാർക്കാണ് ഡിജിപി നിർദേശം നല്‍കിയത്.

രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങളും ഘോഷയാത്രകളും ജില്ലാ തലത്തിലാണെങ്കിൽ 10,000 രൂപ നൽകണം. പോലീസ് സ്റ്റേഷന്റെ പരിധിയിലെ പ്രകടനത്തിനുള്ള അനുമതിക്ക് 2,000 രൂപയും സബ്ഡിവിഷൻ പരിധിയിൽ 4,000 രൂപയും നൽകണം എന്നായിരുന്നു ഉത്തരവിൽ ഉണ്ടായിരുന്നത്. പ്രകടനങ്ങൾ നടത്തുന്നതിന് ഫീസ് ഏർപ്പെടുത്തിയ ഉത്തരവിനെതിരെ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി കഴിഞ്ഞ വിശദീകരണം തേടിയിരുന്നു. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍റൈറ്റ്‌സ് (എപിസിആര്‍) കേരള ഘടകമാണ് കോടതിയിൽ ഹർജി നൽകിയത്.

പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം മൗലീകാവകാശമാണ്. സര്‍ക്കാറിന് വരുമാനത്തിനായി മൗലിക അവകാശങ്ങള്‍ക്ക് മേല്‍ ഫീസ് ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍കൂട്ടി അറിയിച്ചാല്‍ മാത്രം മതിയായിരുന്ന പ്രതിഷേധ രീതിക്ക് ഉയർന്ന ഫീസ് ചുമത്തുന്നത് ജനാധിപത്യാവകാശങ്ങള്‍ക്കു നേരേയുള്ള കടന്നുകയറ്റമാണെന്നും എപിസിആര്‍ കേരള ഘടകത്തിന് വേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് സി.എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top