കുസാറ്റ് സമരം: മിവ ജോളിയുടെ കേൾവി ശക്തി നഷ്ടമായിട്ടും, പോലീസിനെതിരെ നടപടി ഇല്ല.

കൊച്ചി: കുസാറ്റിൽ കെ എസ് യു നടത്തിയ സമരത്തിൽ എറണാകുളം ജില്ലാ സെക്രട്ടറി മിവ ജോളിക്ക് കേൾവി ശക്തി നഷ്ടപ്പെട്ടിട്ടും പോലീസിനെതിരെ ഇതുവരെ നടപടി ഇല്ല. സെക്കൻഡ് ഗ്രേഡ് ജീവനക്കാരനായ പി.കെ ബേബിയെ അനധികൃതമായി അധ്യാപകനാക്കി നിയമിച്ചതിനെതിരെ തിങ്കളാഴ്ച നടത്തിയ സമരമാണ് സംഘർഷത്തിൽ കലാശിച്ചത്.

പോലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ മിവക്കടക്കം നിരവധി വിദ്യാർഥികൾക്ക് സാരമായ പരിക്കേറ്റു. 45 ശതമാനം കേൾവി ശക്തി നഷ്ടമായതായി എറണാകുളം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി. സമരം ഉദ്‌ഘാടനം ചെയ്യുന്നതിന് മുൻപ് തന്നെ പോലീസ് യാതൊരു മുന്നറിയിപ്പും നൽകാതെ ജലപീരങ്കി ഉപയോഗിച്ചെന്ന് മിവ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പ്രകോപനം തീരെ ഇല്ലാതെ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും മിവ വ്യക്തമാക്കി. ഹോസ്പിറ്റലിൽ നിന്ന് കാക്കനാട് സബ്ജയിലിലേക്ക് മാറ്റിയ മിവയടക്കം എട്ടു പേർക്ക് ഇക്കഴിഞ്ഞ ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു.

കുസാറ്റിലെ പ്രക്ഷോഭം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് കെ എസ് യു തീരുമാനം. യൂത്ത് കോൺഗ്രസ്, എംഎസ്എഫ് തുടങ്ങിയ സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഒരു വ്യക്തിക്കായി സർവകലാശാല ചട്ടങ്ങൾ ഭേദഗതി ചെയ്ത നടപടിക്കെതിരെ സർവകലാശാല എംപ്ലോയീസ് യൂണിയനുകൾ ഗവർണ്ണർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top