കുസാറ്റ്: ജുഡീഷ്യൽ അന്വേഷണം വേണം; കെഎസ്‌യു ഹൈക്കോടതിയില്‍

കളമശേരി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അധികാരികളുടെ അനാസ്ഥമൂലം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് നടന്നിട്ടും സര്‍ക്കാര്‍ ഗൗരവത്തോടെ വിഷയത്തെ കാണുന്നില്ലെന്ന് അലോഷ്യസ് സേവ്യര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
വിഷയത്തിൻ്റെ പ്രാധാന്യം കണക്കിലെടുക്കാതെ വിദ്യാർത്ഥികളാണ് ഉത്തരവാദികൾ എന്ന മുൻ വിധിയോടെ പത്രക്കുറിപ്പ് പോലും ഇറക്കുന്ന സാഹചര്യം യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോൾ നിഷ്പക്ഷമായ ഒരു ജുഡീഷ്യൽ അന്വേഷണം ഈ വിഷയത്തിൽ നടത്തണമെന്നാണ് കെഎസ്‌യു ഉന്നയിക്കുന്ന ആവശ്യം. ദുരന്തശേഷം സ്‌ക്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പലിനെ ബലിയാടാക്കി സസ്പെന്‍ഡ് ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ചട്ടവിരുദ്ധമായി യൂത്ത് വെൽഫെയർ സ്ഥാനത്ത് എത്തിയ പി.കെ ബേബിയെ ആദ്യം അന്വേഷണത്തിനായുള്ള സിൻഡിക്കേറ്റ് ഉപസമതിയിൽ ഉൾപ്പെടുത്തുകയും വിവാദമായപ്പോൾ അത് പിൻവലിക്കുകയും ചെയ്തെങ്കിലും നിലവിൽ നടത്തുന്ന അന്വേഷണത്തിൽ വഴിവിട്ട ഇടപെടലുകൾ നടത്തുന്നതായും കെഎസ്‌യു ഉന്നയിച്ചു.
നവംബര്‍ 24ന് നടന്ന ടെക് ഫെസ്റ്റിൻ്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മഴ പെയ്തതോടെ ഓഡിറ്റോറിയത്തിന് പുറത്ത് നിന്നവർ അകത്തേക്ക് ഓടിക്കയറിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായതെന്നാണ് നിഗമനം. അപകടത്തില്‍ 4 പേർ മരിക്കുകയും അറുപതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ മൂന്നുപേർ വിദ്യാർത്ഥികളാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here