അല്ലയോ പോലീസുകാരെ,കസ്റ്റഡി മര്‍ദ്ദനം നിങ്ങളുടെ തൊഴിലവകാശമല്ല; അടിക്കും കുത്തിനും തെറിവിളിക്കും നിയമ സംരക്ഷണമില്ല
കസ്റ്റഡിയിലെടുക്കുന്ന വ്യക്തികളെ കുനിച്ചുനിര്‍ത്തി കൂമ്പിനിടിക്കുന്ന പോലീസുകാര്‍ക്ക് ഔദ്യോഗിക പരിരക്ഷ കിട്ടില്ലെന്ന ഹൈക്കോടതി വിധി ചര്‍ച്ചയാകുന്നു. ശാരീരികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന നടപടികള്‍ക്ക് നിയമ സംരക്ഷണം ലഭിക്കില്ലെന്ന സുപ്രധാനമായ വിധിയാണ് ജസ്റ്റിസ് കെ ബാബു പുറപ്പെടുവിച്ചത്. നിലമ്പൂര്‍ മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ സി അലവി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് നിര്‍ണായകമായ വിധി. ഇത്തരം കേസുകളില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതിയുടെ ആവശ്യമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
2008 ജൂലൈയില്‍ ഡെയ്സി മത്തായി എന്ന വനിതയെ പൊതുസ്ഥലത്ത് അപമാനിച്ചു എന്ന പരാതിയുടെ പേരില്‍ നിലമ്പൂര്‍ – എടക്കര സ്വദേശിയായ അനീഷ് കുമാറിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. വൈകുന്നേരം നാലരയ്ക്ക് സ്റ്റേഷനിലെത്തിയ അനീഷിനെ പരാതിക്കാരി രാത്രി വൈകി എത്തുന്നതു വരെ പുറത്തു നിര്‍ത്തി. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റേയും മുന്നില്‍ വെച്ച് എസ്‌ഐ അലവി അനീഷ് കുമാറിനെ ചീത്ത വിളിക്കുകയും മര്‍ദിക്കുകയും ചെയ്തു. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച ഇതേ സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളും അനീഷിന്റെ സഹോദരിയുമായ നിഷയ്ക്കും മര്‍ദ്ദനമേറ്റു. അനീഷിന് എതിരെ പോലീസ് കേസെടുത്തെങ്കിലും ഡിവൈഎസ്പിയുടെ അന്വേഷണത്തില്‍ വ്യാജ പരാതിയാണെന്ന് കണ്ടെത്തി കേസ് എഴുതിത്തള്ളി.
കസ്റ്റഡി മര്‍ദ്ദനത്തിനെതിരെ അനിഷ് നിലമ്പൂര്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. പോലീസ് ഉദ്യോഗസ്ഥനെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ അനുമതി ആവശ്യമില്ലെന്നും അലവിക്കെതിരെ കേസെടുക്കാനും നിലമ്പൂര്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അലവി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
അനീഷ് കുമാറിന്റെ നെഞ്ചിലും അടിവയറ്റിലും മര്‍ദ്ദനമേറ്റിരുന്നു. ഇത് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. വനിതാ കോണ്‍സ്റ്റബിളും അനീഷിന്റെ സഹോദരിയായ നിഷയ്ക്കും അടിവയറ്റില്‍ പരിക്കേറ്റതായി ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയില്‍ വെച്ച് മര്‍ദിക്കുന്നതും മോശം ഭാഷ ഉപയോഗിക്കുന്നതും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ലെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രമസമാധാന പാലനത്തിന്റെ ഭാഗമായി ക്രിമിനല്‍ നടപടി ചട്ടം 197 പ്രകാരം ലഭിക്കുന്ന സംരക്ഷണം ലഭിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here