വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം; കയറ്റുമതിയും ഇറക്കുമതിക്കുമതിയും നിയമവിധേയമായി; ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കയറ്റുമതിയും ഇറക്കുമതിയും നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി. കസ്റ്റംസ് അംഗീകാരം ലഭിച്ചതോടെയാണ് നിര്‍ണ്ണായകഘട്ടം വിഴിഞ്ഞം കടന്നത്. സെക്ഷന്‍ 7 എ പ്രകാരമുള്ള അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി.
കേന്ദ്ര കസ്റ്റംസ് മന്ത്രാലയം മുന്നോട്ടുവച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണ് അംഗീകാരം ലഭിച്ചത്. ഓഫീസ് സൗകര്യങ്ങള്‍, കെട്ടിടങ്ങള്‍, കപ്യൂട്ടര്‍ സംവിധാനം, മികച്ച സര്‍വ്വര്‍ റൂം ഫെസിലറ്റി, തുടങ്ങി 12 മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് കസ്റ്റംസ് മുന്നോട്ടുവച്ചത്. ഇതെല്ലാം പൂര്‍ത്തീകരിക്കാന്‍ വിഴിഞ്ഞത്തിന് കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ച ശേഷമാണ് കസ്റ്റംസിന്റെ അംഗീകാരം ലഭിച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരമാണ് വിഴിഞ്ഞത്തിന് ലഭിക്കുന്നത്.
സെക്ഷന്‍ 8 , സെക്ഷന്‍ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോര്‍ട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ഇനി ലഭിക്കാനുള്ളത്. വിഴിഞ്ഞം തുറമുഖത്തിന് ഒരു കപ്പലില്‍ നിന്ന് മറ്റൊന്നിലേക്ക് കണ്ടെയ്‌നറുകള്‍ മാറ്റി ചരക്കുനീക്കം നടത്തുന്ന ഇന്ത്യയുടെ ആദ്യ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്നു. ഇതിലൂടെ ചെറുകപ്പലുകളിലെത്തുന്ന കണ്ടെയ്‌നറുകള്‍ വിഴിഞ്ഞെത്തിച്ച് വലിയ മദര്‍ഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് അയക്കാനാകും. വിദേശത്തുനിന്ന് മദര്‍ഷിപ്പുകളിലെത്തുന്ന കണ്ടെയ്‌നറുകള്‍ തിരിച്ചും വിവിധ ചെറുതുറമുഖങ്ങളിലേക്ക് അയക്കാം. ഇത് വലിയ വാണിജ്യ സാധ്യതയാണ് നല്‍കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here