ശശിതരൂരിന്റെ സഹായി കടത്താന്‍ ശ്രമിച്ചത് 35 ലക്ഷത്തിന്റെ സ്വര്‍ണ്ണമാല; എത്തിച്ചത് ബാങ്കോക്കില്‍ നിന്നുളള യാത്രക്കാരന്‍; എംപിയുടെ സഹായിക്ക് ലഭിക്കുന്ന പാസ് ഉപയോഗിച്ചുവെന്നും കസ്റ്റംസ്

ഡല്‍ഹി : ശശിതരൂര്‍ എംപിയുടെ സഹായി ശിവകുമാര്‍ പ്രസാദ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് കടത്താന്‍ ശ്രമിച്ചത് 35.22 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമെന്ന് കസ്റ്റംസ്. ബാങ്കോക്കില്‍ നിന്നും എത്തിയ ഇന്ത്യന്‍ പൗരനായ യാത്രക്കാരനാണ് സ്വര്‍ണ്ണം എത്തിച്ചത്. 500 ഗ്രാം തൂക്കമുളള സ്വര്‍ണ്ണമാലയാണ് കൊണ്ടുവന്നത്. ഇത് വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിക്കാനാണ് ശശിതരൂരിന്റെ സഹായി ശ്രമിച്ചത്. ഇതിനായി എംപിയുടെ സഹായി എന്ന നിലയില്‍ ലഭിച്ച പാസ് ഉപയോഗിച്ചതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ വൈകുന്നേരമെത്തിയ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണ്ണം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ശിവകുമാര്‍ പ്രസാദിനെക്കുറിച്ചുളള വിവരം ലഭിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും ഇയാളെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്വര്‍ണ്ണക്കടത്തിന് സഹായിക്കാന്‍ എംപിയുടെ പാസുമായി എത്തിയെന്നാണ് കസ്റ്റംസ് നല്‍കുന്ന വിശദീകരണം. കസ്റ്റംസ് ആക്ട് അനുസിരിച്ചാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ രണ്ടാമത്തെയാള്‍ ആരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

എംപിയുടെ സഹായി എന്ന നിലയില്‍ ലഭിച്ച പാസ് ഉപയോഗിച്ച് ഇയാള്‍ പരിശോധന കൂടാതെ കൂടുതല്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടോയെന്നും കസ്റ്റംസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top