മമതയുമായി വേദി പങ്കിടില്ലെന്ന് ഗവർണർ, മുഖ്യമന്ത്രിയെ സാമൂഹ്യമായി ബഹിഷ്കരിക്കുമെന്ന് ആനന്ദ ബോസ്

വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലയെ തുടര്‍ന്ന് പ്രക്ഷോഭം തുടരുന്ന ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ തുറന്ന പോരുമായി ഗവർണർ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ വേദി പങ്കിടില്ലെന്ന് ഗവർണർ ആനന്ദബോസ് വ്യക്തമാക്കിയത് പുതിയ വിവാദത്തിന് ഇടയാക്കി. മുഖ്യമന്ത്രിയെ താൻ സാമൂഹ്യമായി ബഹിഷ്ക്കരിക്കുകയാണെന്നും ഗവർണർ ആനന്ദ ബോസ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ഭരണത്തലവനായ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടൽ  കേട്ടുകേഴ്‌വി ഇല്ലാത്ത തലങ്ങളിലേക്ക് നീങ്ങുകയാണ്. രണ്ട് വർഷം മുമ്പാണ് മലയാളിയായ ആനന്ദ ബോസ് ബംഗാൾ ഗവർണറായി നിയമിക്കപ്പെട്ടത്.

കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് ബംഗാളിൽ കഴിഞ്ഞ ഒരു മാസമായി പ്രതിഷേധ സമരങ്ങൾ നടക്കുകയാണ്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന് പോലും ഇടയാക്കിയ സംഭവമാണിത്. ഓഗസ്റ്റ് ഒൻപതിനായിരുന്നു മെഡിക്കൽ വിദ്യാർത്ഥി കൊല്ലപ്പെട്ടത്. പിജി വിദ്യാർത്ഥിയായ ഡോക്ടറുടെ മൃതദേഹം അർധനഗ്നമായ നിലയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ‌ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് ഡോക്ടർമാരും പ്രതിപക്ഷ പാർട്ടികളും സമരപാതയിലാണ്.

ജനങ്ങളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ താൻ മുഖ്യമന്ത്രിയുമായി വേദി പങ്കിടില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ സന്ദേശം ഇന്നലെയാണ് ഗവർണർ ആനന്ദബോസ് പുറത്തു വിട്ടത്. ഭരണഘടനാ ലംഘനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ നടപടികൾ സ്വീകരിക്കും. സംസ്ഥാന ഭരണത്തലവൻ എന്ന നിലയിലുള്ള ഭരണഘടന ബാധ്യതകൾ നിർവഹിക്കുമെന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കി. സമരം നടത്തുന്ന ഡോക്ടർമാരുമായി മമത ബാനർജി നടത്താനിരുന്ന ചർച്ച പൊളിഞ്ഞ പശ്ചാത്തലത്തിലാണ് ഗവർണറുടെ അസാധാരണമായ നീക്കം.

സമരം ഒത്തുതീർപ്പാക്കാത്തതിൻ്റെ പേരിൽ തനിക്കു മേൽ ജനങ്ങളുടെ ഒരുപാട് സമ്മർദ്ദമുണ്ട്. പ്രതിഷേധത്തിന് തീർപ്പുണ്ടാക്കാൻ ഗവർണർ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യവും നേരിടുന്നുണ്ട്. താൻ ജനങ്ങൾക്കൊപ്പമാണെന്നും, അവരുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഗവർണർ വ്യക്തമാക്കി. തൻ്റെ മനസും ശരീരവും കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾക്കൊപ്പവും തെരുവിൽ പ്രതിഷേധിക്കുന്നവരുടെ കൂടെയുമാണ്. അവരുടെ വേദനയും പ്രതിഷേധവും അവഗണിക്കാനാവില്ല.

സംസ്ഥാന സർക്കാർ ഈ വിഷയം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു. ക്രമസമാധാനം പാലിക്കുന്നതിൽ ആഭ്യന്തരമന്ത്രി പരാജയപ്പെട്ടെന്നും ആനന്ദ ബോസ് കുറ്റപ്പെടുത്തി. ആരോഗ്യ- ആഭ്യന്തര വകുപ്പുകളുടെ ചുമതല വഹിക്കുന്നത് മുഖ്യമന്ത്രി മമത ബാനർജിയാണ്. ജനങ്ങളുടെ സ്വത്തും ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ട ഈ രണ്ട് വകുപ്പുകളും ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പരാജയം തുറന്ന് പറയാതിരിക്കാനാവില്ലെന്നും ഗവർണർ പറഞ്ഞു. പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിൽ മെഡിക്കൽ രംഗത്തുണ്ടായ സ്ഥിതിഗതികളെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ആനന്ദബോസിൻ്റെ അസാധാരണ നീക്കത്തിൽ സംസ്ഥാന സർക്കാർ പകച്ച് നിൽക്കുകയാണ്.

സമരം നടത്തുന്ന ഡോക്ടർമാരുമായുള്ള ചർച്ച പൊളിഞ്ഞ സാഹചര്യത്തിൽ മമത ബാനർജി രാജി സന്നദ്ധത പ്രകടിപ്പിച്ചു. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് രാജിക്ക് തയ്യാറെന്ന പ്രസ്താവന മമത നടത്തിയത്. ജനങ്ങള്‍ക്കു വേണ്ടി താന്‍ രാജിക്ക് ഒരുക്കമാണെന്നും ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്കും നീതി വേണമെന്നും മമത പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധം തുടരുന്ന ഡോക്ടര്‍മാരെ മമത ചര്‍ച്ചക്കു വിളിച്ചിരുന്നു. എന്നാല്‍, നിശ്ചിത സമയം കഴിഞ്ഞ് ഒരു മണിക്കൂറിലധികം മമത കാത്തിരുന്നെങ്കിലും കൂടിക്കാഴ്ചക്കോ ചര്‍ച്ചക്കോ സമരക്കാര്‍ തയ്യാറായില്ല. ഇതിനു പിന്നാലെയാണ് വാര്‍ത്താ സമ്മേളനം വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി രാജി സന്നദ്ധത അറിയിച്ചത്. ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വം ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച ബംഗാളിലെ ജനങ്ങളോട് താന്‍ ക്ഷമ ചോദിക്കുന്നുവെന്ന് മമത പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top