പരാതി നൽകി ഹണി റോസ്; മുപ്പതോളം പേർക്കെതിരെ കേസെടുക്കാൻ എറണാകുളം സെൻട്രൽ പോലീസ്
തനിക്ക് നേരിട്ട അപമാനം തുറന്നുപറഞ്ഞ നടി ഹണി റോസിനെതിരെ വീണ്ടും സൈബർ ആക്രമണം. ഇത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന നിഗമനത്തിലാണ് ഉടനടി പരാതി നൽകാനുള്ള തീരുമാനത്തിലേക്ക് താരം എത്തിയത്. നേരിട്ടും മാധ്യമങ്ങൾ വഴിയും നിരന്തരം അപമാനിക്കുന്ന ഒരാൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കൊണ്ടായിരുന്നു നടി രാവിലെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ഇതിൻ്റെ കമൻ്റുകളിലൂടെയും മറ്റും അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ ആണ് ഇപ്പോഴത്തെ പരാതി.
ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോൾ പ്രതികരിക്കാത്തത്, അത് ആസ്വദിക്കുന്നത് കൊണ്ടാണോയെന്ന് അടുപ്പക്കാർ പോലും ചോദിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. “പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമായി ഞാൻ പോകുന്ന മറ്റ് പരിപാടികളിൽ എത്തി അവിടെയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറുന്നു”. ഇതായിരുന്നു ചുരുക്കം.
Also Read: പൊട്ടിത്തെറിച്ച് ഹണി റോസ്!! ‘പല തവണ അയാൾ എന്നെ അപമാനിച്ചു’
പേര് പറഞ്ഞില്ലെങ്കിലും ഹണി റോസിനെ മുൻപ് തൻ്റെ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിന് എത്തിച്ച്, ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി അത് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയ ബോബി ചെമ്മണ്ണൂരാണ് പ്രതിസ്ഥാനത്തെന്ന് സൂചനയുണ്ടായിരുന്നു. മുന്നറിയിപ്പ് ഫലിച്ചില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്ന് ഇന്ന് ഫോണിൽ ബന്ധപ്പെട്ടവരോട് ഹണി റോസ് പറഞ്ഞിരുന്നു. ഇതിനായി അഭിഭാഷകരെയും താരം കണ്ടിരുന്നു. ഇതിനിടെയാണ് പുതിയ കേസ് വേണ്ടിവന്നിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here