ഡിവൈഎഫ്ഐയിൽ സൈബർ പോര്; പാർട്ടി അംഗങ്ങൾക്കുള്ള മാർഗ്ഗരേഖ ബന്ധുക്കളും പിന്തുടരണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി

കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജന്റെ മകൻ ജെയിൻ രാജിനെ വിമർശിച്ച് പാർട്ടി ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. പാനൂർ ഏരിയ കമ്മിറ്റി അംഗം കിരണിനെതിരായ ആരോപണം തെറ്റാണെന്നും സ്വർണ്ണക്കടത്ത് സംഘവുമായി ഇയാൾക്ക് ബന്ധമില്ലെന്നും എം.വി. ജയരാജൻ പറഞ്ഞു. ജെയിൻ പോസ്റ്റ് ചെയ്ത തെറിവിളി സ്ക്രീൻഷോട്ട് ഒരു വർഷം മുമ്പുള്ളതാണെന്നും അതിൽ പാർട്ടി തിരുത്തൽ നടപടി സ്വീകരിച്ചതായും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. പാർട്ടി അംഗങ്ങൾക്കുള്ള മാർഗ്ഗരേഖ പാർട്ടി ബന്ധുക്കളും പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പി.ജയരാജന്റെ മകൻ ജെയിന്റെ ഫേസ്ബുക്ക് കുറിപ്പിലെ പരാമർശത്തിന്റെ പേരിൽ കണ്ണൂരിൽ കടുത്ത സൈബർ പോര് തുടരുകയാണ്. പ്രമിത്ത് പറമ്പായിയെന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ പോസ്‌റ്റിൽ ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ അശ്ലീല കമന്റിട്ടതാണ് സംഭവങ്ങളുടെ തുടക്കം കുറിച്ചത്. ഇതിനു പിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ചേരിതിരിഞ്ഞ് ആക്ഷേപം തുടങ്ങിയത്. ഒരു വിഭാഗം ജെയിൻ രാജിനെ പിന്തുണച്ചു രംഗത്തു വന്നപ്പോൾ ഡിവൈഎഫ്ഐ ജില്ലാ നേത്യത്വം കിരണിനൊപ്പം നിന്ന് നിലപാടു വ്യക്തമാക്കി. ഇതിനിടെയാണ് ജെയിൻ രാജ് ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സെക്രട്ടറിയുടെ അധോലോകബന്ധത്തിൻ്റെ തെളിവു പുറത്തു വിട്ടത്.
സ്വർണക്കടത്ത് സംഘങ്ങളെ ആക്രമിച്ച് സ്വർണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ സംഘത്തിന് നേതൃത്വം നൽകുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ അർജുൻ അയങ്കിയുടെ വിവാഹത്തിൽ അജ്മലിനൊപ്പം പങ്കെടുക്കുന്ന കിരണിന്റെ ചിത്രമാണ് ജെയിൻ രാജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ജെയിൻ രാജിന്റെ പോസ്റ്റിനു താഴെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ചേരിതിരിഞ്ഞുള്ള പോര് കൊഴുക്കുകയാണ്. പി.ജയരാജനെ സിപിഎം ഒതുക്കിയതിൽ അമർഷമുള്ള പാർട്ടി പ്രവർത്തകർ തരം കിട്ടുമ്പോഴൊക്കെ ഔദ്യോഗിക നേതൃത്വത്തെ ആക്രമിക്കുന്നുണ്ട്. സിപിഎമ്മിലെ കടുത്ത വിഭാഗീയതയാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നിലെന്നു വ്യക്തമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here