സൈബർ വോളൻ്റിയർ സേന വരുന്നു; പോലീസുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരം; ഉടൻ പരിശീലനം തുടങ്ങും

സൈബർ വിഷയങ്ങളിൽ പോലീസിനെ സഹായിക്കാനും പൊതുസമൂഹത്തിൽ ജാഗ്രത നിലനിർത്താനുമായി സൈബർ വോളൻ്റിയർമാരുടെ സേന തയ്യാറാകുന്നു. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും 20 വീതം അംഗങ്ങളെ തിരഞ്ഞെടുത്ത് പരിശീലനം നൽകുകയാണ് പദ്ധതി. മൂന്നാഴ്ച മുൻപ് സൈബർ ഓപ്പറേഷൻസ് ഐജി പുറപ്പെടുവിച്ച നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് നടപടികൾ പുരോഗമിക്കുന്നത്.

ജില്ലാ പോലീസ് ആസ്ഥാനത്ത് ഇരുപതും പോലീസ് സബ് ഡിവിഷൻ കേന്ദ്രീകരിച്ചു പതിനഞ്ച് വീതവും പോലീസ് സ്റ്റേഷനുകളിൽ പത്ത് വീതവും വോളന്റിയർമാരെയാണ് തിരഞ്ഞെടുക്കുന്നത്. ഈ മാസം 25ന് മുൻപ് ഇവരുടെ രജിസ്ട്രേഷൻ പൂർത്തിയാകും. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അടിസ്ഥാന പരിശീലനം നൽകും. തുടർന്ന് ഇവരെ ഉപയോഗിച്ച് സൈബർ തട്ടിപ്പുകൾക്കെതിരെ അവർ ഉൾപ്പെട്ടിരിക്കുന്ന വിഭാഗങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. സ്കൂളുകൾ, കോളേജുകൾ, റെസിഡൻഷ്യൽ കോളനികൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും ഇത് നടത്തുക.

ജില്ലാ പോലീസ് ആസ്ഥാനങ്ങളിലെ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി ആയിരിക്കും പദ്ധതിയുടെ നോഡൽ ഓഫീസർ. അതത് സൈബർ പോലീസ് എസ്എച്ച്ഒ അസിസ്റ്റന്റ് നോഡൽ ഓഫീസറും. പദ്ധതി നടപ്പാക്കുന്നതോടെ ഒരു പോലീസ് ജില്ലയിൽ കുറഞ്ഞത് 200 സൈബർ വോളന്റിയർമാർ ഉണ്ടാകും.

കേരളത്തിൽ ഒരുദിവസം ഒരു കോടി രൂപയ്ക്കു മുകളിലുള്ള തുകയുടെ സൈബർ തട്ടിപ്പ് നടക്കുന്നുണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവയെ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള അംഗബലം നിലവിൽ പോലീസിന് ഇല്ല. സൈബർ വിഷയങ്ങളിൽ വേണ്ടത്ര ധാരണയില്ലാത്ത മുതിർന്ന ആളുകൾ മുതൽ ചെറിയ കുട്ടികൾ വരെയുള്ളവരുടെ ഇടയിൽ ഇത്തരം ബോധവൽക്കരണം ഗുണം ചെയ്യും എന്നതാണ് കണക്കുകൂട്ടൽ. അങ്ങനെ കുറ്റകൃത്യങ്ങൾ ഉറവിടത്തിൽ തന്നെ അവസാനിപ്പിക്കാൻ കഴിയും എന്നതാണ് ഈ കേന്ദ്ര പദ്ധതിയുടെ അടിസ്ഥാന ആശയം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top