‘ഹമൂൺ’ തീവ്ര ചുഴലിക്കാറ്റായി; ഏഴ് സംസ്ഥാനങ്ങൾ ജാഗ്രതയിൽ; സ്വാധീനം കേരളത്തിലും
ന്യൂഡല്‍ഹി : വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘ഹമൂൺ’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ബംഗ്ലാദേശിൽ ഖേപുപാറയ്ക്കും ചിറ്റഗോംഗിനുമിടയിൽ കര തൊടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക്-വടക്കു കിഴക്ക് ദിശയിലേക്ക് ചുഴലിക്കാറ്റ് നീങ്ങുകയാണ്. ഇതേത്തുടർന്ന്, ഏഴ് സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷ, പശ്ചിമ ബംഗാൾ, മണിപ്പൂർ, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങൾ ജാഗ്രതയിലാണ്.
ഇന്ത്യന്‍ തീരങ്ങളില്‍ ഈ ചുഴലിക്കാറ്റ് കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ബംഗ്ലാദേശ് തീരത്ത് എത്തുമ്പോള്‍ ഇതിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളോട് ഒക്ടോബർ 25 വരെ ബംഗാൾ ഉൾക്കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്. ഒഡീഷയുടെ കിഴക്ക്, പടിഞ്ഞാറൻ, വടക്ക് മേഖലകളിലും ബംഗ്ലാദേശ് തീരങ്ങളിലും മ്യാൻമറിന്‍റെ വടക്കൻ തീരങ്ങളിലും കടക്കരുതെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദേശം. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കണമെന്ന് ഒഡീഷ സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് യമൻ തീരം തൊട്ടു. അല്‍ മഹ്‌റ പ്രവിശ്യയിലാണ് തേജ് കരതൊട്ടത്. പ്രാദേശിക സമയം രാവിലെ ആറ് മണിയോടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. 50 മുതൽ അറുപത് നോട്ടിക്കൽ മൈലായിരുന്നു കാറ്റിന്റെ വേഗം. ഒമാനിൽ ശക്തമായ മഴതുടരുകയാണ്. കരതൊട്ടതോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി ഒമാനിലെ ദോഹാര്‍, അല്‍വുസ്ത പ്രവിശ്യകളില്‍ കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here