ചെന്നൈയെ മുക്കി ‘മിഷോങ്’; നിലയ്ക്കാതെ പേമാരി; ചുഴലിക്കാറ്റ് ആന്ധ്രയിൽ ഇന്ന് കര തൊടും; അതീവ ജാഗ്രത
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രയിൽ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലായി ഇന്ന് രാവിലെ കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. 110 കിലോ മീറ്ററായിരിക്കും കാറ്റിന്റെ വേഗത. മിഷോങ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് തമിഴ്നാട്ടിലാണ്. ചെന്നൈയിൽ മാത്രം 8 പേർ മരിച്ചു. ലക്ഷക്കണക്കിന് ജനങ്ങൾ പുറത്തിറങ്ങാൻ കഴിയാതെ വീടുകളിൽ കുടുങ്ങിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി സംസാരിച്ചിട്ടുണ്ട്. കൂടുതൽ എൻഡിആർഎഫ് സംഘത്തെ സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഞായറാഴ്ച മുതല്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി നൽകി. ആന്ധ്രാപ്രദേശിലെ എൻ.ടി.ആർ, കൃഷ്ണ ഉൾപ്പെടെ എട്ടു ജില്ലകൾക്ക് ഇന്നും അവധിയാണ്.
ട്രെയിൻ,വിമാനസർവീസ് റദ്ദാക്കിയിട്ടുണ്ട്. റൺവേ മുങ്ങിയതോടെ ചെന്നൈ വിമാനത്താവളം ഇന്നലെ രാത്രി 11 വരെ അടച്ചിട്ടു. 70 സർവീസുകൾ റദ്ദാക്കി.33 സർവീസുകൾ ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു.നേരത്തെ റദ്ദാക്കിയ 35 ട്രെയിനുകൾക്കു പുറമെ ഇന്നലെ വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകൾ കൂടി റദ്ദാക്കി. കൊല്ലം – ചെന്നൈ എക്സ് പ്രസ്, മലബാർ വഴി മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ്, തിരുവനന്തപുരം മെയിൽ സൂപ്പർ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം എക്സ് പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here