സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നു; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ഇഡി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നു. മുമ്പ് എംകെ കണ്ണന്‍ പ്രസിഡന്റായ തൃശൂർ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി പരിശോധന നടത്തിയിരുന്നു. റെയ്ഡ് നടക്കുന്ന സമയം എംകെ കണ്ണനെ ഇഡി ബാങ്കിലേക്ക് വിളിച്ച് വരുത്തി അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇഡി അറസ്റ്റ് ചെയ്ത സതീഷ് കുമാറുമായി എംകെ കണ്ണന് ബന്ധമുള്ളതായി ആരോപണം ഉണ്ടായിരുന്നു. കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതി സതീഷ്‌ കുമാറുമായി വർഷങ്ങളായുള്ള പരിചയമെന്നും വായ്പ ഇടപാടുകളിൽ സഹായിച്ചിട്ടില്ലെന്നും എംകെ കണ്ണൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സതീഷ് കുമാര്‍ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നാണ് ഇഡിയുടെ സംശയം.

അതേ സമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കൂടുതല്‍ പേരെ ഈ ആഴ്ച ഇഡി ചോദ്യം ചെയ്യും.ഇവര്‍ക്ക് ഇന്നും നാളെയുമായി ഇഡി നോട്ടീസ് നല്‍കും. മുന്‍ മന്ത്രി എസി മൊയ്തീനടക്കം മുമ്പ് ചോദ്യം ചെയ്തവര്‍ക്ക് ഉടന്‍ നോട്ടീസ് അയക്കുമെന്നാണ് സൂചന. നേരത്തെ വീണ്ടും ഹാജരാകാന്‍ ഇഡി എസി മൊയ്തീന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അതേദിവസം തിരുവനന്തപുരത്ത് നടന്ന എംഎല്‍എമാര്‍ക്കുള്ള പരിശീലന പരിപാടിയില്‍ പങ്കെടുത്തതിനാല്‍ എസി മൊയ്തീന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. നേരത്തെ ചോദ്യം ചെയ്ത ബാങ്ക് മുന്‍ മാനേജര്‍ ബിജു കരിം, സെക്രട്ടറി ടിആര്‍ സുനില്‍കുമാര്‍, അക്കൗണ്ടന്റ് ജില്‍സ് തുടങ്ങിയവരേയും വീണ്ടും ഇഡി വിളിച്ചു വരുത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top