ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
ശ്രുതിയെ ചേര്‍ത്ത് പിടിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുക്കളെയും നഷ്ടമായതിന് പിന്നാലെ പ്രതിശ്രുത വരനും വാഹനാപകടത്തില്‍ മരിച്ച ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം ഉണ്ടാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കുടുംബത്തിലെ 9 പേരെ നഷ്ടമായ ശ്രുതിയെ വേദനയില്‍ നിന്നും കരകയറാന്‍ താങ്ങും തണലുമായി നിന്നത് പ്രതിശ്രുത വരന്‍ ജെന്‍സനാണ്. കല്‍പ്പറ്റ വെള്ളാരംകുന്നിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ജെന്‍സനും മരിച്ചു. അക്ഷരാര്‍ഥത്തില്‍ ശ്രുതി ഒറ്റയ്ക്കായിരിക്കുകയാണ്. ശ്രുതിയുടെ ഭാവി ജീവിതത്തിന് ഒരു ജോലി അനിവാര്യമാണെന്നും കത്തില്‍ സതീശന്‍ വ്യക്തമാക്കി.
വാഹനാപകടത്തില്‍ പരിക്കേറ്റ ജെന്‍സന്‍ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ജെന്‍സന്‍ ഓടിച്ചിരുന്ന വാന്‍ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ശ്രുതി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here