ജര്‍മ്മനി ആസ്ഥാനമായ ഡി സ്‌പെയ്‌സിന്റെ സോഫ്റ്റ്‌വെയർ വികസനകേന്ദ്രം തിരുവനന്തപുരത്തും; ഐടി മേഖലയില്‍ അവസരം വര്‍ധിക്കും

തിരുവനന്തപുരം: ഡി സ്‌പെയ്‌സ് സോഫ്റ്റ്‌വെയർ വികസനകേന്ദ്രം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഡി സ്‌പെയ്‌സ് ഇന്ത്യ സോഫ്റ്റ്‌വെയർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് തുടക്കത്തില്‍ ഇരുപത്തഞ്ചംഗ ജീവനക്കാരുടെ സേവനമാണ് സോഫ്റ്റ്‌വെയർ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നത്. സ്റ്റിമുലേഷന്‍, വാലിഡേഷന്‍ സൊലൂഷനുകള്‍ ആഗോളതലത്തില്‍ വികസിപ്പിച്ചു നല്‍കുന്ന ഡി സ്‌പെയ്‌സ് സാങ്കേതിക രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ്.

ഐടി വൈദഗ്ധ്യം പ്രാദേശികമായി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡി സ്‌പെയ്‌സ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ടീമിനെ വര്‍ഷാവസാനത്തോടെ കൂടുതല്‍ വിപുലമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതോടെ ഉയര്‍ന്ന തൊഴില്‍ വൈദഗ്ദ്ധ്യമുള്ളവര്‍ക്ക് അവസരം ഒരുങ്ങുമെന്ന് ഡി സ്‌പെയ്‌സ് ഇന്ത്യ എംഡി ഫ്രാങ്ക്‌ളിന്‍ ജോര്‍ജ് പറഞ്ഞു. ഇലക്ട്രോ മൊബിലിറ്റി, സ്വയം നിയന്ത്രിത വാഹനങ്ങള്‍, സോഫ്റ്റ്‌വെയർ നിയന്ത്രിത വാഹനങ്ങള്‍, സജീവമായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ , തുടക്കം മുതല്‍ ഒടുക്കം വരെ തകരാറുകള്‍ പരിഹരിക്കല്‍ എന്നിവയിലാണ് ഡി സ്‌പെയ്‌സ് പ്രധാനമായും ശ്രദ്ധയൂന്നുന്നത്. ഡി സ്‌പെയ്‌സിന്റെ സ്വന്തം വില്‍പ്പന സ്ഥാപനമായ ഡി സ്‌പെയ്‌സ് ഇന്‍ഡ്യാ സൊലൂഷന്‍സ് 2023 മുതല്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

ലോകമെമ്പാടുമായി രണ്ടായിരത്തി അറുന്നൂറ് ജീവനക്കാരുള്ള ഡി സ്‌പെയ്‌സിന്റെ ആസ്ഥാനം ജര്‍മ്മനിയിലെ പെയ്ഡര്‍ബോണിലാണ്. യുഎസ്എ, യുകെ, ഫ്രാന്‍സ്, ജപ്പാന്‍, ചൈന, ക്രൊയേഷ്യ, കൊറിയ, ഇന്‍ഡ്യ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ പ്രാദേശിക കമ്പനികളിലൂടെയാണ് ഡി സ്‌പെയ്‌സ് ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നത്. വ്യവസായമന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഡി സ്‌പെയ്‌സ് സോഫ്റ്റ്‌വെയർ വികസനകേന്ദ്രം ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top