ഹേമ റിപ്പോർട്ടിൻ്റെ കോപ്പി സർക്കാർ നൽകിയില്ല; ദേശീയ വനിതാ കമ്മീഷൻ ഇന്ന് മുതൽ കേരളത്തിൽ

ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം കൈമാറണമെന്ന അഭ്യർത്ഥന സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ച് ദേശീയ വനിതാ കമ്മിഷൻ്റെ പ്രതിനിധികൾ കേരളത്തിലെത്തി പരാതികൾ പരിശോധിക്കും. റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയം അതീവ ഗുരുതരമാണെന്നും ഒരാഴ്ചക്കകം റിപ്പോർട്ട് കൈമാറണമെന്നും ഉള്ള ആവശ്യം സർക്കാർ പാലിക്കാത്തതിനെ തുടർന്നാണ് നീക്കം. കമ്മിഷൻ അംഗം ദലീന ഖോങ്ദുപ് അടക്കം രണ്ടംഗ സംഘമാണ് തിരുവനന്തപുരത്ത് തങ്ങി പരാതികൾ പരിശോധിക്കുക.
വെളളിയാഴ്ച മുതൽ മൂന്നു ദിവസം കേരളത്തിൽ തങ്ങുന്ന സംഘം പരാതിക്കാരുടെ മൊഴിയെടുക്കും. ഇതുവരെ പരാതി നൽകാതിരുന്നവർക്കും കമ്മിഷനെ സമീപിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ബിജെപി നേതാക്കളായ സന്ദീപ് വചസ്പതിയുടെയും പിആർ ശിവശങ്കരന്റെയും പരാതിയിലാണ് ഹേമ കമ്മറ്റി റിപ്പോർട്ടിൽ ദേശീയ കമ്മിഷൻ അന്വേഷണം ആരംഭിച്ചത്.
ഓഗസ്റ്റ് 31ന് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന് ഇതുവരെ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് കമ്മിഷൻ പ്രതിനിധികൾ നേരിട്ട് എത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here