കേളുവിന് ദേവസ്വം നിഷേധിച്ചത് ‘സെക്രട്ടേറിയറ്റ് കരയോഗം’ എന്ന് ദളിത് ആക്ടിവിസ്റ്റുകൾ; സവര്‍ണ പ്രീണനം, നല്ല സന്ദേശമല്ലെന്ന് പന്തളം

കെ.രാധാകൃഷ്ണന് പകരം മന്ത്രിയായ ഒ.ആര്‍.കേളുവിന് പക്ഷെ ആ വകുപ്പുകൾ കിട്ടിയില്ല. അതിൽ തന്നെ, ദേവസ്വം ഒഴിവാക്കിയതിൽ അസ്വാഭാവികത കാണുകയാണ് ആദിവാസി-ദളിത്‌ സംഘടനകൾ. മുതിർന്ന നേതാവും സിപിഎമ്മിൻ്റെ കേന്ദ്ര കമ്മറ്റി അംഗവുമായ കെ.രാധാകൃഷ്ണന് പോലും കേരളത്തിലെ ക്ഷേത്രങ്ങളിൽ അയിത്തം നേരിടേണ്ടി വന്നിരുന്നു. കണ്ണൂരിൽ ഒരു ക്ഷേത്രത്തിൽ വച്ചുണ്ടായ അനുഭവം ഇക്കഴിഞ്ഞ വർഷം സെപ്തംബറിൽ മാധ്യമ സിൻഡിക്കറ്റ് പുറത്തുവിട്ടതിന് ശേഷം തുറന്നുപറയാൻ രാധാകൃഷ്ണൻ തയ്യാറായിരുന്നു. ഇത് കേരളം ഏറെ ചർച്ച ചെയ്യുകയുമുണ്ടായി. ഈയനുഭവം മുന്നിൽ നിൽക്കെയാണ് പുതിയ മന്ത്രിയെ നിയോഗിച്ചപ്പോൾ ക്ഷേത്രങ്ങളുടെ ചുമതലയുള്ള ദേവസ്വം വകുപ്പ് ഒഴിവാക്കി നൽകിയത്.

സവര്‍ണപ്രീണനം ലക്ഷ്യമാക്കിയാണ് കേളുവിനെ പട്ടികജാതിവകുപ്പിൻ്റെ ചുമതലയിൽ നിന്ന് മാറ്റിനിർത്തുന്നതെന്ന് പ്രമുഖ ആദിവാസി-ദളിത്‌ നേതാവ് എം.ഗീതാനന്ദന്‍ പ്രതികരിച്ചു. “തീര്‍ത്തും പ്രതിഷേധാര്‍ഹമാണിത്. ഗോത്രവര്‍ഗത്തിൽ നിന്നൊരാള്‍ ഈ സ്ഥാനത്തേക്ക് വരുമ്പോള്‍ വിവേചനം പാടില്ലായിരുന്നു. ദേവസ്വം ഒഴിവാക്കിയത് സവര്‍ണ മേധാവിത്വത്തിന്റെ രീതിയാണ്. എന്തുകൊണ്ട് ഇങ്ങനെയുണ്ടായി എന്ന ചോദ്യം ഈ ഘട്ടത്തില്‍ ന്യായമായും ഉയര്‍ന്നുവരേണ്ടത് തന്നെയാണ്” – ഗീതാനന്ദന്‍ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

“സെക്രട്ടറിയേറ്റിലെ മന്ത്രിസഭ എന്ന കരയോഗത്തിന്റെ തീരുമാനമാണ് രാധാകൃഷ്ണന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചത്. അതേ കരയോഗം തന്നെയാണ് കേളുവിൽ നിന്ന് ദേവസ്വം വകുപ്പ് തെറിപ്പിച്ചതും.” പ്രമുഖ ദളിത് ചിന്തകൻ സണ്ണി എം.കപിക്കാട് പറഞ്ഞു. “വളരെ അപമാനകരമാണ് ഇത്. മന്ത്രിസ്ഥാനം നല്‍കി കേളുവിനെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. ദളിതരോടുള്ള പിണറായി സര്‍ക്കാരിൻ്റെ സമീപനമായേ ഇതിനെ കാണാനാകൂ. ഒരു മന്ത്രി ഒഴിയുമ്പോള്‍ പകരം വരുന്നയാള്‍ക്ക് അതേ വകുപ്പുകൾ നല്‍കുന്നതാണ് പതിവ്. അത് തെറ്റിക്കാൻ മറ്റ് കാരണമൊന്നും ഉണ്ടായിട്ടില്ല. ഭരണപരിചയമാണ് പ്രശ്നമെങ്കിൽ മുഹമ്മദ് റിയാസിന് സുപ്രധാനമായ രണ്ട് വകുപ്പുകൾ കിട്ടുന്നത് എങ്ങനെയാണ്? കെ.രാധാകൃഷ്ണനെ എംപി ആക്കിയതില്‍ പോലും ഞാന്‍ ഗൂഡാലോചന സംശയിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് പോലും അര്‍ഹതയുണ്ടായിരുന്ന നേതാവാണ്‌ രാധാകൃഷ്ണനെന്ന് സണ്ണി എം.കപിക്കാട് ചൂണ്ടിക്കാട്ടി.

ഒ.ആര്‍.കേളുവിനെ ദേവസ്വം വകുപ്പിൽ നിന്ന് മാറ്റിനിർത്തിയതിലൂടെ മുഖ്യമന്ത്രിയും സിപിഎമ്മും അദ്ദേഹത്തെ അപമാനിച്ചുവെന്ന് പന്തളം സുധാകരനും പ്രതികരിച്ചു. കെ.കരുണാകരൻ സർക്കാരിലും പിന്നീട് എ.കെ.ആൻ്റണി സർക്കാരിലും പട്ടികജാതി, പട്ടികവർഗ വകുപ്പ് കൈകാര്യം ചെയ്ത തനിക്ക് അതിന് പുറമെ എക്സൈസ് എന്ന ഏറ്റവും സുപ്രധാന വകുപ്പും ഉണ്ടായിരുന്നു. ഇത്തരമൊരു വിവേചനവും അന്ന് പോലും നേരിടേണ്ടി വന്നിട്ടില്ല. ഏറ്റവുമൊടുവിൽ യുഡിഎഫ് മന്ത്രിസഭയിൽ പട്ടികജാതി, പട്ടികവർഗ വകുപ്പുകൾ കൈകാര്യം ചെയ്ത എപി അനിൽകുമാറിന് ടൂറിസം, സാംസ്കാരിക വകുപ്പുകളും ഉണ്ടായിരുന്നു. എന്നിട്ടാണ് ഇപ്പോൾ പുരോഗമനവും നവോത്ഥാനവും പറയുന്ന സർക്കാരിൽ നിന്ന് ഈ സമീപനം. ക്ഷേത്രങ്ങൾ ഭരിക്കുന്ന ചില സവർണ വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് ഈ നീക്കമെന്ന് ആരും സംശയിക്കും. നല്ല സന്ദേശമല്ല മുഖ്യമന്ത്രി നല്‍കിയത്” -പന്തളം സുധാകരന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top