ഫീസ് അടയ്ക്കാൻ മൂന്നു മിനിറ്റ് വൈകി, സീറ്റ് നിഷേധിച്ച് ഐഐടി; സഹായവാഗ്ദാനം നൽകി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഫീസ് അടക്കാൻ മിനിറ്റുകൾ വൈകിയതിനെത്തുടർന്ന് ഐഐടിയിൽ സീറ്റ് നിഷേധിക്കപ്പെട്ട ദലിത് വിദ്യാർത്ഥിക്ക് സഹായം ഉറപ്പ് നൽകി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. സെർവർ തകരാറിനെ തുടർന്ന് 18 കാരനായ അതുൽ ഫീസ് അടക്കാൻ മൂന്നു മിനിറ്റ് വൈകി. ഇതോടെയാണ് സീറ്റ് നഷ്ടപ്പെട്ടുവെന്ന വിവരം അതുലിന് ലഭിച്ചത്. വിഷയത്തിൽ ജാർഖണ്ഡ് ഹൈക്കോടതിയെയാണ് അതുൽ ആദ്യം സമീപിച്ചത്. തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഹർജി പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അതുലിന് എല്ലാവിധ സഹായവും ഉറപ്പു നൽകുകയായിരുന്നു. ഹർജിക്കാരന്റെ സാമൂഹിക പശ്ചാത്തലവും ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് അക്കാദമിയിൽ പ്രവേശനം ലഭിക്കുന്നതിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഹർജി പരിഗണിക്കവേ മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. സെപ്റ്റംബർ 30 ന് ഹർജി വീണ്ടും പരിഗണിക്കും.

ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ടിറ്റോറ ഗ്രാമത്തിലാണ് അതുലും കുടുംബം താമസിക്കുന്നത്. ജൂൺ 9 നാണ് ഐഇഇ പരീക്ഷാ ഫലം അറിയുന്നത്. ജൂൺ 24 ന് വൈകിട്ട് 5 വരെയായിരുന്നു ഫീസ് അടയ്ക്കുന്നതിനുള്ള സമയം. അതുലിന്റെ പിതാവ് ദിവസവേതനക്കാരനാണ്. അതിനാൽതന്നെ ഫീസ് അടയ്ക്കാനുള്ള തുക കണ്ടെത്താൻ കുടുംബം ഏറെ ബുദ്ധിമുട്ടി. ഗ്രാമവാസികളിൽനിന്നും കടം വാങ്ങിയാണ് 17,500 രൂപ സംഘടിപ്പിച്ചത്. എന്നാൽ സമയപരിധി അവസാനിച്ച് മൂന്നു മിനിറ്റ് ആയതിന്റെ പേരിൽ അതുലിന് ഫീസ് അടയ്ക്കാൻ കഴിഞ്ഞില്ല.

“കൗൺസിലിങ് കഴിഞ്ഞപ്പോൾ ഐഐടി ധൻബാദിലെ ഇലക്ട്രിക്കൽ ഡിപ്പാർട്ട്‌മെന്റിൽ എനിക്ക് പ്രവേശനം ലഭിച്ചു. ജൂൺ 24 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് സീറ്റ് ഉറപ്പിക്കാനായി 17,500 രൂപ ഫീസ് അടയ്‌ക്കണമായിരുന്നു. വൈകിട്ട് 4.45 നാണ് ഞാൻ പണം സ്വരൂപിച്ചത്. എന്നാൽ ആവശ്യമായ മറ്റു വിവരങ്ങൾ നൽകി വന്നപ്പോൾ ഫീസ് അടയ്ക്കാനുള്ള സമയം കഴിഞ്ഞു,” അതുൽ പറഞ്ഞു.

വിഷയത്തിൽ നീതി തേടി ആദ്യം ജാർഖണ്ട് ഹൈക്കോടതിയെയാണ് അതുൽ സമീപിച്ചത്. എന്നാൽ പരീക്ഷ നടത്തിയത് ഐഐടി മദ്രാസ് ആയതിനാൽ വിഷയം മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റാൻ നിർദേശിച്ചു. മദ്രാസ് ഹൈക്കോടതിയാണ് സുപ്രീം കോടതിയെ സമീപിക്കാൻ നിർദേശം നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top